വയോധിക മരിച്ചത് ശ്വാസം മുട്ടി; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിൽ
1580411
Friday, August 1, 2025 4:19 AM IST
പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നാൽപ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു. തോട്ടുവ മനയ്ക്കപ്പടി വീട്ടിൽ ഔസേഫിന്റെ ഭാര്യ അന്നത്തി(85)നെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് സമീപത്തെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുഖത്തും കൈയിലും മുറിവുകളുമുണ്ടായിരുന്നു. അന്നം ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള നാൽപ്പതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും. സമീപത്തെ കോഴി ഫാമിലെ മൂന്നു ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവസ്ഥലത്ത് മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. അന്നത്തിന്റെ രണ്ട് വളകളും കമ്മിലിന്റെ അടിയൊഴികെയുള്ള ഭാഗങ്ങളും കാണാതായിട്ടുണ്ട്. തോട്ടത്തിന്റെ മേൽനോട്ട ചുമതല അന്നത്തിന് ആയിരുന്നു. തോട്ടം ഉടമ മദ്രാസിലാണ്.
ഇന്നലെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോടനാട് സിഐ, കോട്ടപ്പടി സിഐ ഉൾപ്പെടുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.