യുവതലമുറയെ ലൈബ്രറികളിലേക്ക് ആകർഷിക്കാൻ പദ്ധതികൾ വേണമെന്ന് സ്പീക്കർ
1580430
Friday, August 1, 2025 5:00 AM IST
വാഴക്കുളം: ആധുനിക കാലത്ത് യുവതലമുറയെ ലൈബ്രറികളിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്ന് നിയമ സഭാ സ്പീക്കർ എ.എൻ. ഷംസീർ. കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും പ്ലാറ്റിനം ജൂബിലി സ്മാരക ഹാൾ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു സ്പീക്കർ.
കാണാത്ത ലോകങ്ങളുടെ വിശാലമായ വാതായനം തുറന്നു നൽകാൻ പുസ്തകങ്ങൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിരൽത്തുന്പിൽ പുസ്തകങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന നമ്മുടെ നാട്ടിൽ മതസ്വാതന്ത്ര്യത്തിന്മേലുള്ള ഏതുതരത്തിലുള്ള കടന്നുകയറ്റവും അപലപനീയമാണെന്നും സ്പീക്കർ പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് റാങ്ക് ജേതാക്കളെ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് എൽസിഡി പ്രോജക്ട് സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി വാനനിരീക്ഷണ ഉപകരണ സമർപ്പണവും നടത്തി. ജില്ല ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ആദ്യകാല അംഗങ്ങളെ ആദരിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.കെ. ഉണ്ണി ഹരിതഗ്രന്ഥശാല പ്രഖ്യാപനം നടത്തി. കദളിക്കാട് വിമലമാതാ പള്ളി വികാരി റവ. ഡോ. തോമസ് പോത്തനാമുഴി, മഞ്ഞള്ളൂർ പഞ്ചായത്തംഗങ്ങളായ ജാസ്മിൻ റെജി, അനിത റെജി, ക്ലബ് പ്രസിഡന്റ് ജയാജോർജ് നന്പ്യാപറന്പിൽ, സെക്രട്ടറി ഇ.കെ. സുരേഷ് ഇരുപൂളുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.