അങ്കമാലി-മാഞ്ഞാലി റോഡ് നവീകരിക്കണമെന്ന്
1580672
Saturday, August 2, 2025 4:47 AM IST
നെടുമ്പാശേരി: അങ്കമാലി- മാഞ്ഞാലി റോഡ് ആധുനിക നിലവാരത്തിൽ നിർമിച്ച് പുനരുദ്ധരിയ്ക്കണമെന്നാവശ്യപ്പെട്ട് നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുനിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
ആലുവ, അങ്കമാലി നിയോജക മണ്ഡലങ്ങളിലായി കടന്നുപോകുന്ന റോഡിൽ നെടുമ്പാശേരി പഞ്ചായത്തിന്റെയും, അങ്കമാലി മുനിസിപ്പാലിറ്റിയുടെയും അതിർത്തിയായ കൊച്ചപ്പൻ കവലയിൽ വെള്ളക്കെട്ട് മൂലം ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിയ്ക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ അങ്കമാലി സെക്ഷന് കീഴിൽ വരുന്ന ഈ റോഡ് ബിഎംബിസി നിലവാരത്തിൽ പുതുക്കി നിർമിച്ച് ആവശ്യമായ സ്ഥലങ്ങളിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാന നിർമാണം നടത്തിയും റോഡിലൂടെയുള്ള യാത്ര സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.