വേടനെതിരായ പീഡന പരാതി : സുഹൃത്തുക്കളെ ചോദ്യംചെയ്യും
1580664
Saturday, August 2, 2025 4:37 AM IST
കൊച്ചി: റാപ്പര്‍ വേടന് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പരാതിയിലെ വസ്തുതകളില്‍ പരിശോധിക്കാനൊരുങ്ങി പോലീസ്. പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള വേടന്റെ സുഹൃത്തുക്കളുടെയടക്കം മൊഴി രേഖപ്പെടുത്താനാണ് പോലീസ് നീക്കം. ഇവരെ വൈകാതെ വിളിച്ചു വരുത്തും. കേസില്‍ പരമാവധി തെളിവുശേഖരണത്തിനാണ് പോലീസ് തയാറെടുക്കുന്നത്.
അന്വേഷണത്തിന്റെ ആദ്യപടിയായി യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി. പ്രാഥമിക അന്വേഷണങ്ങള്‍ക്കും തെളിവ് ശേഖരണത്തിനും ശേഷം വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് നീക്കം. വേടനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.
2021 മുതല്‍ ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. വേടന് തന്നെ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിച്ചതായും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
2019ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ചെയ്യുന്ന സമയത്താണ് യുവതി വേടനുമായി പരിചയത്തിലാകുന്നത്. വേടന്റെ പാട്ടുകളിലും അഭിമുഖങ്ങളിലും ആകൃഷ്ടയായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേടന് അറിയിച്ചിരുന്നു.
ഇതുപ്രകാരം മുന്നോട്ടുപോകുന്നതിനിടെയാണ് വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചത്. വിവാഹത്തില്‍ നിന്ന് വേടന് പിന്മാറിയതോടെ താന്‍ വിഷാദ രോഗത്തിന് അടിമയായെന്നും ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി. തൃക്കാക്കര പോലീസില്‍ യുവതി നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. താന്‍ നിരപരാധിയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ആരാധികയെന്ന നിലയില്‍ വേടനെ പരിചയപ്പെട്ട താനുമായി ബന്ധം വളര്‍ത്തുകയും വിവാഹ വാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. കോഴിക്കോട്ടെ തന്റെ വീട്ടില്‍ വച്ചും പിന്നീട് എറണാകുളത്ത് ഹോട്ടലില്‍ വച്ചും 2021നും 2023നുമിടയില്‍ പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ഭാരതീയ ന്യായ് സംഹിത വരുന്നതിന് മുമ്പ് നടന്ന സംഭവമായതിനാല്‍ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
സ്വമേധയാ ആണ് താനുമായി ബന്ധം സ്ഥാപിച്ചതെന്ന് യുവതി തന്നെ പരാതിയില്‍ പറയുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലം അത് തുടരുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തെന്നും പറയുന്നു. ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും തനിക്കെതിരായ കുറ്റം നിലനില്‍ക്കുന്നില്ലെന്നും വിവാഹ വാഗ്ദാനം നല്കി ലൈംഗീക ബന്ധത്തിന് സമ്മതിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗായകനെന്ന നിലയിലുള്ള തന്റെ ഖ്യാതി തകര്‍ക്കാനുള്ള ശ്രമമാണ് പരാതിക്ക് പിന്നില്‍. പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഒട്ടേറെ ഫോണ്‍ കോളുകള്‍ തനിക്ക് ലഭിച്ചിരുന്നു. ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘമുണ്ടെന്നാണ് മനസിലാകുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.