വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: ഇല്ലാത്ത നിബന്ധനകൾ പറഞ്ഞ് ആളുകളെ തിരിച്ചയക്കുന്നുവെന്ന് ആരോപണം
1580684
Saturday, August 2, 2025 5:07 AM IST
മൂവാറ്റുപുഴ: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നടന്ന ഹിയറിംഗില്‍ ഇല്ലാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് വോട്ടു ചേര്‍ക്കാന്‍ എത്തിയവര്‍ തിരികെ പോയതായി പരാതി. സ്ത്രീകളും കോളജ് വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ ജോലിയും ക്ലാസും ഒഴിവാക്കി എത്തിയിട്ടും നിബന്ധനകള്‍ പറഞ്ഞ് ഇവരെ തിരിച്ചയച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
നഗരസഭയില്‍ നിലവിലുള്ള 28 വാര്‍ഡുകള്‍ വിഭജിച്ച് രണ്ട് വാര്‍ഡ് കൂടി വര്‍ധിപ്പിച്ച് 30 വാര്‍ഡുകള്‍ ആക്കിയിട്ടുണ്ട്. പലരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അവരുടേതല്ലാത്ത വാര്‍ഡുകളിലാണ്. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ചപ്പോള്‍ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വോട്ട് പഴയ വാര്‍ഡില്‍ തന്നെ ഉള്പ്പെടുത്തിയിരിക്കുന്നതായാണ് പരാതി.
സമാനമായ രീതിയില്‍ ചിലരുടെ വോട്ട് തെറ്റായ രീതിയില്‍ പുതിയ വാര്‍ഡുകളിലേക്ക് ഉള്‍പ്പെടുത്തിയതായും പരാതി ഉണ്ട്. ഇത്തരം പരാതികള്‍ക്കു കൂടി പരിഹാരം തേടി എത്തിയവര്‍ക്കും ഹിയറിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നു സിപിഎം ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് ആരോപിച്ചു. ഹിയറിംഗിനു വരുന്നവരുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ ഫോട്ടോ പതിച്ച ഫോറത്തിന്റെ പ്രിന്റ് എടുത്ത് ഹാജരാക്കിയാല്‍ മാത്രമാണ് ഹിയറിംഗ് നടത്തുകയുള്ളൂവെന്ന നഗരസഭാ അധികാരികളുടെ നിലപാട് ഹിയറിംഗിന് എത്തിയവരെ കുഴപ്പിത്തിലാക്കി.
സാധാരണ ഹിയറിംഗിന് നോട്ടിസും വയസും അഡ്രസും തെളിയിക്കുന്ന രേഖയും ആണ് ഹാജരാക്കേണ്ടത്. ഫോട്ടോ പതിച്ച ഫോറം ഹിയറിംഗിന് ഉദ്യോഗസ്ഥരാണ് പ്രിന്റ് എടുത്ത് ആ ഫോറത്തില്‍ വോട്ടര്‍മാരുടെ ഒപ്പ് വാങ്ങിക്കേണ്ടത്. ഇതേ കുറിച്ചു ചോദിച്ചപ്പോള്‍ നഗരസഭയിലെ പ്രിന്റര്‍ തകരാറില്‍ ആയതുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടര്‍മാരെ കൊണ്ട് പകര്‍പ്പ് എടുക്കുന്നത് എന്നാണു ഉദ്യോഗസ്ഥരുടെ വിശദീകരണം.
ആധാര്‍ കാര്‍ഡ് എല്ലായിടത്തും ആധികാരിക രേഖയായി ഉപയോഗിക്കുമ്പോള്‍ മൂവാറ്റുപുഴ നഗരസഭയില്‍ മാത്രം വയസ്സ് തെളിയിക്കുന്ന രേഖയായി ആധാര്‍ എടുക്കാന്‍ കഴിയില്ല എന്ന നിലപാടു സ്വീകരിക്കുന്നതായും സിപിഎം ആരോപിക്കുന്നു.