എടവനക്കാട് പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മാണം : കളക്ടര്‍ സംയുക്തയോഗം വിളിച്ച് പരിഹാരം കാണണമെന്ന് ഹൈക്കോടതി
1580665
Saturday, August 2, 2025 4:37 AM IST
കൊച്ചി: വൈപ്പിനിലെ എടവനക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സംയുക്ത യോഗം വിളിച്ച് പരിഹാരം കാണണമെന്ന് ഹൈക്കോടതി.
കേടുവന്ന കടല്‍ഭിത്തികള്‍ ബലപ്പെടുത്തണമെന്നും ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 13 വാര്‍ഡുകളിലെ താമസക്കാരായ ഇ.കെ. സലിഹരന്‍, എസ്.വൈ. സംജാദ്, എം.ആര്. ജോസഫ് ബേസില്‍ എന്നിവരടക്കം നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഇതുമായി ബന്ധപ്പെട്ട ജോലികളില്‍ പങ്കാളികളാകാനും ഏകോപിപ്പിക്കാനും ചുമതലപ്പെട്ട ജലസേചന-ധനകാര്യ വകുപ്പ് പ്രതിനിധികള്‍, എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി, കൊച്ചിന് പോര്‍ട്ട്, ഗോശ്രീ ഐലൻഡ് അധികൃതര്‍ തുടങ്ങിയവരടക്കമുള്ളവരെ ഉള്‍പ്പെടുത്തി യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
പ്രദേശവാസികള്‍ കടല്‍ഭിത്തിയില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 2004 ലെ സുനാമിക്ക് ഇരയായവരാണ് ഇവിടെയുള്ളത്. വേലിയേറ്റമുണ്ടായാല്പ്പോലും വെള്ളത്തിലാകുന്ന സ്ഥിതയാണ്. എടവനക്കാട് താത്കാലിക കടല്‍ഭിത്തി നിര്‍മാണത്തിന് 35 കോടി അനുവദിച്ചതായി ഗോശ്രീ ദീപ് വികസനസമിതി (ജിഡ) അറിയിച്ചെങ്കിലും ബന്ധപ്പെട്ട ജോലികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി ആരംഭിക്കാനായിട്ടില്ല.
ശേഷിക്കുന്ന തുക ഇതുവരെ അനുവദിച്ചിട്ടുമില്ല. നിലവിലെ കടല്‍ ഭിത്തി ബലപ്പെടുത്തി സംരക്ഷിക്കുകയും ഇല്ലാത്തിടത്ത് നിര്‍മിക്കുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഴുവന്‍ തുകയും അനുവദിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു.
കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ യോഗത്തിന്റെ മിനിറ്റ്സ് പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം. ഹര്‍ജിക്കാര്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും എട്ടിന് പരിഗണിക്കാന്‍ മാറ്റി.