കളമശേരി രാജഗിരിയിലേക്ക് മെട്രോ ഫീഡർ സർവീസ് ആരംഭിച്ചു
1580674
Saturday, August 2, 2025 4:47 AM IST
കളമശേരി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കാന്പസിലേക്ക് ഫീഡർ സർവീസ് ആരംഭിച്ച് കൊച്ചി മെട്രോ. കൊച്ചിയിലെ എസ്എച്ച്സിഎംഐ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാളും മാനേജരുമായ ഫാ.ബെന്നി നൽക്കര ഫ്ലാഗ് ഓഫ് നിർവഹിച്ചു. രാജഗിരി വിദ്യാർഥികളെയും സ്റ്റാഫിനെയും വഹിച്ചുകൊണ്ട് ഇന്നലെ രാവിലെ 8.40 നാണ് കാമ്പസിലേക്ക് ഫീഡർ ബസ് എത്തിയത്.
കെഎംആർഎൽ ഇലക്ട്രിക് ഫീഡർ ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനായി രാജഗിരി പബ്ലിക് ട്രാൻസ്പോർട്ട് സ്കോളർഷിപ്പ് പദ്ധതിയും അവതരിപ്പിച്ചു.
ഇതുപ്രകാരം യാത്രാതുകയുടെ 50 ശതമാനം ചെലവും രാജഗിരി കോളജ് വഹിക്കും. കന്നിയാത്രക്കാർക്കായി രാജഗിരി ഒരുക്കിയ ഭാഗ്യസമ്മാനത്തിന് സ്റ്റാഫ് അംഗം മുഹമ്മദ്, വിദ്യാർഥിയായ മാധവ് അനിൽ എന്നിവർ അർഹരായി. രാജഗിരിയിലെ എംബഡഡ് ക്രൂ ഫ്ലാഷ് മോബ് നടത്തി.
ചടങ്ങിൽ ആർസിഎസ്എസ് കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.എം.ഡി.സാജു, അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, അസി. ഡയറക്ടർ റവ. ഡോ. ഷിൻഡോ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ.റിന്റിൽ മാത്യു,ഡീൻ ഓഫ് സ്റ്റുഡന്റ്സ് അഫയേഴ്സ് ഡോ. ആൻ ബേബി എന്നിവർ സംസാരിച്ചു.