ആലുവ കേന്ദ്രീകരിച്ച് ആരാധനാലയങ്ങളിൽ മോഷണം; ഇരുട്ടിൽ തപ്പി പോലീസ്
1580669
Saturday, August 2, 2025 4:37 AM IST
ആലുവ: കാലവർഷം ആരംഭിച്ചതോടെ രാവും പകലും എന്നില്ലാതെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ ആലുവയിൽ വ്യാപകം. ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് ആരാധനാലയങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി നേർച്ചക്കുറ്റികളും ഭണ്ഡാരങ്ങളും തല്ലി പൊളിച്ചാണ് ഭക്തജനങ്ങൾ നിക്ഷേപിക്കുന്ന പണം കൈക്കലാക്കുന്നത്.
ആലുവ ടൗൺ പോലീസ് സ്റ്റേഷനു മുന്നിലെ ആരാധനാലയങ്ങൾ പോലും സുരക്ഷിതമല്ലാതായെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. ജൂണിൽ സ്റ്റേഷനു നേരെ എതിരെയുള്ള ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നേർച്ചപ്പെട്ടികൾ പൊളിച്ച് എണ്ണായിരം രൂപയോളമാണ് കവർന്നത്.
കനത്ത മഴയുള്ള സമയം നോക്കി അർധരാത്രിയിൽ ആലുവ സെൻ്റ് ഡൊമിനിക്സ് പള്ളിയുടെ മുൻവശത്തുള്ള കപ്പേളയുടെ പൂട്ട് തകർത്ത് ആറായിരം രൂപയോളമാണ് കവർന്നത്. മുഖംമൂടി വന്ന മോഷ്ടാവ് പള്ളിയുടെ ഒരു വശത്തെ വലിയവാതിൽ പൊളിച്ച് അകത്തുകടന്നും മോഷണശ്രമം നടത്തി. ഇടവകയുടെ പരിധിയിലുള്ള നസ്രത്ത്, ദേശം മേഖലകളിലെ കപ്പേളകളെയും മോഷ്ടാക്കൾ വെറുതെ വിടുന്നില്ല.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെ പള്ളിയിൽ നമസ്കാരം നടക്കുന്ന സമയത്താണ് ആലുവ ബാങ്ക് ജംഗ്ഷനിലെ സേട്ടു ജുമാ മസ്ജിദിൽ നിന്നും ഭണ്ഡാരപ്പെട്ടി കവർന്നത്. ഒരു യുവാവ് പള്ളിയിലേക്ക് എത്തി അയാളുടെ കൈയിൽ ബാഗിൽ കരുതിയിരുന്ന ചാക്കിലേക്ക് വലിയ ഭണ്ഡാര പെട്ടി നിറച്ച ശേഷം ഇയാൾ അതിവേഗത്തിൽ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഏതാണ്ട് പതിനായിരത്തോളം രൂപ പെട്ടിയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഏതാനും ദിവസം മുമ്പ് ആലുവയിലെ സെൻട്രൽ ജുമാ മസ്ജിദിലും ഇത്തരത്തിൽ മോഷണം നടന്നിരുന്നു. ഇവിടുത്തെയും സിസി ടിവി ദൃശ്യങ്ങൾ അടക്കം പോലീസിനെ നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.