പെരുന്പാവൂരിലെ വയോധികയുടെ മരണം; അന്വേഷണം ഊർജിതം
1580675
Saturday, August 2, 2025 4:47 AM IST
പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇന്നലെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോടനാട്, കോട്ടപ്പടി സിഐമാർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
തോട്ടുവ മനയ്ക്കപ്പടി വീട്ടിൽ ഔസേഫ് ഭാര്യ അന്നം (85) ആണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയോടെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുഖത്തും കൈയ്ക്കും മുറിവുകളുമുണ്ടായിരുന്നു. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള നാൽപ്പതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സമീപത്തെ കോഴി ഫാമിലെ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പോലീസ് നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവസ്ഥലത്ത് മൽപ്പിടുത്തം നടന്നതായി സൂചനയുണ്ട്. വയോധികയുടെ രണ്ട് വളകളും കാതിൽ കമ്മിലിന്റെ അടിയൊഴികെയുള്ള ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.