തെരുവുനായ ആക്രമണം: പരിക്കേറ്റ വനിതകൾ ചികിത്സതേടി
1580426
Friday, August 1, 2025 5:00 AM IST
കളമശേരി: കങ്ങരപ്പടിയിൽ തെരുവുനായ് ആക്രണത്തിൽ പരിക്കേറ്റ രണ്ടു വനിതകൾ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സതേടി. ഒരു വീട്ടമ്മയ്ക്കും വിദ്യാർഥിനിക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.
വീട്ടമ്മയെ മെഡിക്കൽ കോളജ് റോഡിൽ വച്ചും, വിദ്യാർഥിനിയെ അടുത്തുള്ള യുണിറ്റി ലൈനിൽ വച്ചുമാണ് ഇതേ നായ ആക്രമിച്ചത്. വീട്ടമ്മ രണ്ട് കുട്ടികളുമായി കടയിലേക്ക് പോയ സമയം പട്ടി കുട്ടികളെ പിന്തുടരുകയായിരുന്നു. ഇതുകണ്ട് വീട്ടമ്മ പട്ടിയെ ഓടിക്കാൻ ശ്രമിക്കവെ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്ക് തുടയിൽ ആഴത്തിലുള്ള മുറിവുണ്ട്.
സ്കൂൾ വിട്ട സമയത്താണ് വിദ്യാർഥിനിയെ പട്ടി ഓടിച്ചിട്ട് കടിച്ചത്. ഇതുവഴി വന്ന മറ്റ് കുട്ടികളയും പട്ടി ഓടിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിക്ക് കാലിലാണ് നായയുടെ കടിയേറ്റത്.
മേഖലയിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളുടെ എണ്ണം അധികമാണ്. വീടുകളിൽ രാത്രികാലങ്ങളിലെത്തി വസ്ത്രങ്ങൾ, ചെരിപ്പുകൾ തുടങ്ങിയവ കടിച്ചുകീറി നശിപ്പിക്കുന്നത് സ്ഥിര സംഭവമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാർ നഗരസഭയോട്ആവശ്യപ്പെടുന്നത്.