അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്പിച്ചു; നാലുപേർ അറസ്റ്റിൽ
1580662
Saturday, August 2, 2025 4:37 AM IST
അരൂർ:അരൂരിൽ വീട്ടിൽകയറി അമ്മയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച നാലു പേരെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.അരൂർ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ കിഴക്കേ വേലിക്കകത്ത് വീട്ടിൽ രവീന്ദ്രൻ ഭാര്യ രമണി(62) മകൻ രാകേഷ് (34)എന്നിവരെയാണ് ഇന്നലെ വൈകിട്ട് ആറരയോടെ വെട്ടിപ്പരിക്കേൽപ്പിച്ചത്.ഇരുവരെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂർ കറുകപ്പള്ളി റോബിൻ ജെയിംസ്(18) കാവലിങ്കൽ വിവേക്(26) പോളാട്ട് നികർത്തിൽ ആഷിക് മധു (22), കുമരകം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വെണ്ണലശേരി കളത്തിൽ ജീവൻ (23)എന്നിവരെ സബ് ഇൻസ്പെക്ടർ എസ്.ഗീതു മോളിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തു.
കഴിഞ്ഞ മാസം 20ന് പ്രതിയായ റോബിൻ ജെയിംസിനെ രാകേഷും കൂട്ടുകാരും ചേർന്ന് അരൂർ ശ്മശാനം റോഡിൽ വച്ച് മർദിച്ചിരുന്നു. ഈ വിഷയത്തിൽ അരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് റോബിനും കൂട്ടുകാരും ചേർന്ന് വീടുകയറി ആക്രമണം നടത്തിയത്.
കേസിൽ രണ്ടു പേരെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.