ഉമ്മൻ ചാണ്ടിയെ ഇടതുപക്ഷം ഇപ്പോഴും ഭയപ്പെടുന്നു: ചാണ്ടി ഉമ്മൻ
1580683
Saturday, August 2, 2025 5:07 AM IST
പിറവം: അന്തരിച്ച ഉമ്മൻചാണ്ടിയെ ഇടതുപക്ഷം ഇന്നും ഭയപ്പെടുന്നുവെന്നതിനാലാണ് മരണമടഞ്ഞു രണ്ടുവർഷം പിന്നിട്ടിട്ടും ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
കഴിഞ്ഞ ഒന്പതു വർഷത്തെ പിണറായി ഭരണം കേരള രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. കേരളത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് മേൽ ഒരു ചെറുവിരലനക്കുവാൻ പോലും സർക്കാരിന് കഴിയുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിറവത്ത് ഉമ്മൻ ചാണ്ടി സ്മൃതി ജനസമ്പർക്കയാത്രയെന്ന പേരിൽ നടക്കുന്ന ഭവന സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിറവം മണ്ഡലത്തിൽ മഹാത്മാ ഗാന്ധി കുടുംബസംഗമങ്ങളുടെ സമാപനം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എഐസിസി അംഗം അഡ്വ. ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ കെ.ആർ. പ്രദീപ്കുമാർ, വിൽസൺ കെ. ജോൺ, ഉല്ലാസ് തോമസ്, ജോസഫ് ആന്റണി, തുടങ്ങിയവർ പ്രസംഗിച്ചു.
പിറവം നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കഴിഞ്ഞ നാലര വർഷത്തെ വികസനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുറ്റപത്രവുമായി പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അരുൺ കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 28 വാർഡുകളിലൂടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയാണ് ഉമ്മൻ ചാണ്ടി സ്മൃതി ജനസമ്പർക്കയാത്ര.