സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം: ബസ് ഡ്രൈവറെ പിടികൂടാനായില്ല
1595958
Tuesday, September 30, 2025 7:44 AM IST
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ബസ്ഡ്രൈവര്‍ ഇപ്പോഴും ഒളിവില്‍ തന്നെ. അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് എളമക്കര പള്ളിപ്പറമ്പ് വീട്ടില്‍ ജോസ് ഡൊമിനിക്കാ(42)ണ് കഴിഞ്ഞ 26ന് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അമിത വേഗത, അശ്രദ്ധമായി വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ ഹാര്‍ബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
തോപ്പുംപടി ബിഒടി പാലത്തിന് നടുവില്‍ ഫോര്‍ട്ട്കൊച്ചി ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോഡ് ലാന്‍ഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബിഒടി സിഗ്നലില്‍നിന്ന് ബസ് അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് ബസില്‍ ഉണ്ടായിരുന്ന കണ്ടക്ടറാണ് ബസ് പാലത്തില്‍ നിന്നും മാറ്റിയിട്ടത്.