നേര്യമംഗലത്ത് ജില്ലാ കൃഷിത്തോട്ടത്തിൽ നിർമിച്ച റസ്റ്ററന്റ് മന്ദിരം ഉദ്ഘാടനം ഇന്ന്
1596455
Friday, October 3, 2025 4:08 AM IST
കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപ ചെലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമിച്ച റസ്റ്ററന്റ് മന്ദിരം ഇന്ന് രാവിലെ ഒൻപതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
250 ഏക്കറിലധികം വിസ്തൃതിയുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമുകളിലൊന്നായ നേര്യമംഗലം ഫാമിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതികളുടെ ഭാഗമായാണ് പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ഏറെ സഹായകരമാകുന്ന നിലയിൽ റസ്റ്ററന്റ് മന്ദിരം നിർമിച്ചിട്ടുളളത്.
8000 ചതുരശ്ര അടി വിസ്തീർണമുള്ള റസ്റ്ററന്റിൽ ഒരേ സമയം നൂറിലധികം പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമുണ്ട്. റസ്റ്ററന്റിനോടു ചേർന്ന് ആവശ്യമായ പാർക്കിംഗ് സംവിധാനവും ഫാമിൽ ഒരുക്കിയിട്ടുണ്ട്.
ആന്റണി ജോൺ എംഎൽ എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഫാം കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.