വീടുകൾ കുത്തിത്തുറന്ന് കവർച്ച; ആസാം സ്വദേശികൾ അറസ്റ്റിൽ
1596250
Wednesday, October 1, 2025 7:25 AM IST
ആലങ്ങാട്: നീറിക്കോട് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാനക്കാരായ മൂന്നുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഒരു വീട്ടിൽ നിന്നും നാലു പവൻ സ്വർണവും 800 രൂപയും മോഷ്ടിച്ച സംഘം മറ്റൊരു സ്ഥലത്ത് മോഷണത്തിനു ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയത്. ആസാം സോനിക്പൂർ സ്വദേശികളായ സദാം ഹുസൈൻ (21) ജമാൽ (26), അജിബുർ റഹ്മാൻ (25) എന്നീ പ്രതികളെ നാട്ടുകാർ പിടികൂടി ആലുവ വെസ്റ്റ് പോലീസിനു കൈമാറി.
ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം. നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ റോഡിൽ താമസിക്കുന്ന കുന്നത്ത് ജൂഡിയുടെ വീട്ടിൽ നിന്ന് നാലു പവന്റെ സ്വർണവും 800 രൂപയും കവർന്ന മോഷ്ടാക്കൾ നീറിക്കോട് കവലയിലെത്തി കൈതരാൻ ആന്റണിയുടെ വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. ആദ്യം പിടിയിലായ പ്രതിയെ പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും കണ്ടെടുത്തത്.
ഓടിരക്ഷപ്പെട്ട മറ്റു രണ്ടു പ്രതികളെ പിന്നീട് വരാപ്പുഴ മൂലംപിള്ളി പാലത്തിനു താഴെ നിന്ന് പോലീസ് പിടികൂടി. ജൂഡിയുടെ വീട്ടുകാർ കൂനമ്മാവിൽ ഒരു മരണ ആവശ്യത്തിനു പോയ സമയത്താണ് സംഘം കവർച്ച നടത്തിയത്. കൈതാരൻ ആന്റണിയും കുടുംബവും ഗോവയിൽ വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു.
ഗോവയിൽ വച്ച് സിസി ടിവി പരിശോധിച്ച ഇവരാണ് അയൽവാസികളെ മോഷണസംഘം വീട്ടിലെത്തിയ കാര്യം അറിയിച്ചതെന്നും പറയപ്പെടുന്നു.