ആഘോഷമായി പവിഴമല്ലിത്തറ മേളം
1596246
Wednesday, October 1, 2025 7:25 AM IST
ചോറ്റാനിക്കര: ആചാരത്തിന്റെയും കലാവൈദഗ്ധ്യത്തിന്റെയും മധുര സംഗമമായി പവിഴമല്ലിത്തറ മേളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ ആവേശഭരിതരാക്കി. നടൻ ജയറാമിന്റെ പ്രമാണത്തിൽ കൊട്ടിക്കയറിയ പഞ്ചാരിയുടെ മുഴക്കം ചോറ്റാനിക്കരയ്ക്ക് ആഘോഷമായി.
കൊടിമരച്ചോട്ടിൽ മുന്നിൽ നിന്ന് പതിഞ്ഞ കാലത്തിൽ കൊട്ടിക്കയറിയ മേളം രണ്ടും മൂന്നും നാലും കാലങ്ങൾ കയറി ചോറ്റാനിക്കര ദേവിയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നിൽ അഞ്ചാം കാലത്തിൽ ഉച്ചസ്ഥായിയിലെത്തിയതോടെ മേളത്തിന്റെ ഹുങ്കാരം ക്ഷേത്രവളപ്പിൽ പ്രകമ്പനമായി മുഴങ്ങി. ഇതോടെ കൈയ് മെയ് മറന്ന് ദ്രുതചലനങ്ങളോടെ താളം പിടിച്ച മേളാസ്വാദകരും ആവേശത്തിലായി.
മേളത്തിൽ ഇടന്തലയിൽ 17 പേരാണ് ഉണ്ടായിരുന്നത്. ജയറാമിന്റെ വലത്തെ കൂട്ടായി മട്ടന്നൂർ ശ്രീകാന്ത്, ഇടത്തെ കൂട്ടായി മട്ടന്നൂർ ശ്രീരാജ്, ഇലത്താളത്തിൽ പാഞ്ഞാൽ വേലക്കുട്ടി, കുഴലിൽ പനമണ്ണ മനോഹരൻ, കൊമ്പിൽ മച്ചാട് ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു.
ദുർഗാഷ്ടമി നാളിൽ ദേവിക്ക് അർച്ചനയായാണ് ജയറാമിന്റെ മേളപ്പെരുക്കം. 125 കലാകാരന്മാർ പങ്കെടുത്ത മേളം രാവിലെ 9.15 ഓടെ തുടങ്ങി ഉച്ചയ്ക്ക് 12.40 ഓടെയാണ് കൊട്ടിക്കലാശത്തിലെത്തിയത്.ഇത് 12-ാമത്തെ തവണയാണ് ജയറാം മേളപ്രമാണിയായത്.