ദേശീയ പാതയിൽ അപകടക്കെണി: പുളിഞ്ചോട് വേണം സംരക്ഷണ ഭിത്തി
1595972
Tuesday, September 30, 2025 7:45 AM IST
ആലുവ: ദേശീയപാതയിൽ ഇരുവശത്തുമായി പുളിഞ്ചോട് മെട്രോസ്റ്റേഷന് സമീപത്തെ പത്തടി താഴ്ചയുള്ള കാനയിലേക്ക് വാഹനങ്ങൾ മറിയുന്നത് ആവർത്തിച്ചിട്ടും കൈവരി സ്ഥാപിക്കാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ തയാകുന്നില്ലെന്ന് പരാതി. അതി വേഗതയിൽ വാഹനങ്ങൾ കടന്നു പോകുന്ന ഈ മേഖലയിൽ രണ്ട്ഇരുമ്പു കുറ്റികൾ മാത്രമാണ് ഉള്ളത്. തെരുവ് വിളക്കുകൾ കൃത്യമായി കത്താത്ത ഇവിടെ വലിയ അപകടങ്ങൾ പതിയിരിക്കുകയാണെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
മെട്രോ സ്റ്റേഷനിൽനിന്നും ആലുവ ഭാഗത്തേക്കുരുന്ന പാതയിൽ ഏകദേശം 100 മീറ്ററോളം നീളത്തിൽ റോഡിനോട് ചേർന്നുപത്ത് അടിയിലേറെ ആഴത്തിലാണ് ഭൂമി. മൈനൂട്ടിൽ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തെ ഭൂമിയാണ് റോഡ് നിരപ്പിൽനിന്നും താഴ്ന്ന് കിടക്കുന്നത്. ഇവിടെ റോഡിൽ രണ്ടര അടി ഉയരത്തിൽ രണ്ട് ഇരുമ്പ് കുറ്റികളാണ് സുരക്ഷക്കായി ആകെ സ്ഥാപിച്ചിട്ടുള്ളത്. എതിർവശത്തെ ട്രാക്കിലും ഇതുതന്നെയാണ് സ്ഥിതി.
രണ്ടര മാസം മുമ്പ് 22 ചക്ര ട്രെയിലർ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞ് വളഞ്ഞുപോയി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിലർ പുറത്തെടുത്തത്. ഡ്രൈവറും ക്ളീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിസരം കാടുപിടിച്ച് കിടക്കുന്നതിനാൽ വാഹനയാത്രികർക്ക് ഭൂനിരപ്പ് വളരെ താഴെയാണെന്ന കാര്യം അറിയാനാകില്ല. ദേശീയപാതയിൽ പുളിഞ്ചോട് ഭാഗത്ത് ഇവരുവശത്തെയും അപകടാവസ്ഥ ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് കേരള സാംസ്കാരിക പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.ടി. സതീഷ് ആവശ്യപ്പെട്ടു.