കന്നി 20 പെരുന്നാൾ : കാൽനട തീർഥാടകർക്ക് നാളെ കോതമംഗലത്ത് സ്വീകരണം
1596231
Wednesday, October 1, 2025 7:12 AM IST
കോതമംഗലം : സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവയുടെ 340-ാംമത് ഓർമപ്പെരുന്നാളിന് (കന്നി 20 ) നാനാദിക്കിൽ നിന്ന് കാൽനടയായെത്തുന്ന തീർഥാടകർക്ക് നാളെ കോതമംഗലം ചെറിയ പള്ളിയിൽ സ്വീകരണം നൽകും.
2, 3 തീയതികൾ കോതമംഗലം ഫെസ്റ്റിവൽ ഏരിയയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാൾ നേർച്ച സദ്യയ്ക്കുള്ള ഉത്പന്ന ശേഖരണം കലവറ നിറയ്ക്കൽ മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കന്നി 20 പെരുന്നാൾ വിളവെടുപ്പിന്റെയും പെരുന്നാളായിട്ട് പഴയകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. അതിൻെറ ഓർമയ്ക്കായിട്ട് നാനാ ജാതി മതസ്ഥരായ ആളുകൾ വഴിപാടായി ഫലമൂലാദികൾ പള്ളിയിൽ സമർപ്പിച്ചു വരുന്നുണ്ട്.
ഇന്ന് രാവിലെ അർപ്പിക്കപ്പെടുന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് മർക്കോസ് മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് തീർത്ഥാടകരായി എത്തുന്ന ആളുകളുടെ സുരക്ഷാ ക്രമീകരണങ്ങൾക്കായുള്ള പോലീസ് എയ്ഡ് പോസ്റ്റിന്റെയും റവന്യൂ കൺട്രോൾ റൂമിന്റെയും പ്രവർത്തനമാരംഭിക്കും. ആറിന് സന്ധ്യാ നമസ്കാരവും നടത്തും.
നാളെ രാവിലെ 7.15 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് ഹൈറേഞ്ച്, പടിഞ്ഞാറൻ, വടക്കൻ, പോത്താനിക്കാട് എന്നീ മേഖലകളിൽ നിന്നും കാൽനട തീർഥാടകരായി എത്തുന്ന തീർഥാടക സംഘത്തെ വൈദീകരും പള്ളി ഭരണ സമിതിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് സന്ധ്യാ നമസ്കാരത്തിന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വവും മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികത്വവും വഹിക്കും. രാത്രി 10 ന് 101 പൊൻ - വെള്ളി കുരിശുകളുടെ അകമ്പടിയോടെ നഗരം ചുറ്റി പ്രദക്ഷിണം നടത്തും. രാവിലെ ഒന്പത് മുതൽ രാത്രി 10 വരെ പള്ളിയിൽ എത്തുന്ന മുഴുവൻ തീർഥാടകർക്കും നേർച്ചക്കഞ്ഞി വിതരണം പളളിയുടെ പടിഞ്ഞാറുവശത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ നൽകും.