കൊച്ചി സ്റ്റേഡിയത്തില്‍ മെസിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങൾ തുടങ്ങി
1596462
Friday, October 3, 2025 4:25 AM IST
കൊച്ചി: മെസിയും അര്‍ജന്റീന ദേശീയ ടീമും സൗഹൃദ മത്സരത്തിനായി കൊച്ചിയിലെത്തുന്പോൾ വേദിയാകുന്ന കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കളിക്കളം നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമായ ടര്‍ഫ് ആയതിനാല്‍ പുതിയ ടര്‍ഫ് നിര്‍മിക്കേണ്ട ആവശ്യം ഇവിടെയില്ല. പക്ഷെ പുല്‍ത്തട്ട് മെച്ചപ്പെടുത്തേണ്ടതുണ്ട്.
നിലവിലുള്ള പുല്ല് പരമാവധി മുറിച്ചുമാറ്റുന്ന സീറോ കട്ടിംഗ് ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. ശേഷം വളവും ആവശ്യമായ പോഷക ഘടകങ്ങളും നല്കി പുല്ല് വളര്‍ത്തും. പലഘട്ടങ്ങളിലായി ഇത്തരത്തില്‍ വളര്‍ത്തിയും മുറിച്ചുമാണ് മത്സരത്തിന് അനുയോജ്യമായ പുല്‍ത്തട്ട് നിര്‍മിച്ചെടുക്കുക. ഏറ്റവും ഒടുവില്‍ 25 മുതല്‍ 30 മില്ലിമീറ്റര്‍ ഉയരത്തില്‍ പുല്ല് മുറിച്ച് മത്സരത്തിനനുയോജ്യമായ ടര്‍ഫ് ആക്കി മാറ്റും.
ഒരു മാസമെടുക്കും ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍. ഇതിനിടെ ഗാലറിയുടെയും ഡ്രസ്സിംഗ് റൂമുകളുടേയും ടോയ്ലറ്റ് മുറികളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. മൂന്ന് നിലകളിലായുള്ള ഗാലറിയിലെ മുഴുവന്‍ കസേരകളും മാറ്റി സ്ഥാപിക്കും. അടിയന്തിര ഘട്ടമുണ്ടായാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആളുകള്‍ക്ക് പുറത്ത് കടക്കാന്‍ തടസമില്ലാത്ത വിധമാകും പുതിയ കസേരകള്‍ സ്ഥാപിക്കുക. നിലവില്‍ 70,000 കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളുണ്ട്. മാറ്റി സ്ഥാപിക്കുമ്പോള്‍ കസേരകളുടെ എണ്ണം 50,000 മായി കുറയ്ക്കുന്നതിനും ആലോചനകള്‍ നടക്കുന്നുണ്ട്.
നാലു ഡ്രസിംഗ് റൂമുകളാണ് സ്റ്റേഡിയത്തിലുള്ളത്. ഓരോ ടീമിനും രണ്ടു റൂമുകള്‍ വീതം നല്‍കും. ഡ്രസിംഗ് റൂമുകള്‍ കുറേക്കൂടി മെച്ചപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര നിര്‍ദേശിച്ചിരുന്നു. കൂടാതെ വിവിഐപി ലോഞ്ചും കൂടുതല്‍ സൗകര്യങ്ങളോടെ മെച്ചപ്പെടുത്തും. ഫ്ളെഡ് ലിറ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികളും പുരോഗമിക്കുകയാണ്. നവംബര്‍ ആദ്യവാരത്തില്‍ തന്നെ എല്ലാ പണികളും പൂര്‍ത്തീകരിക്കാനാണ് സംഘാടകരുടെയും സര്‍ക്കാരിന്റെയും ശ്രമം.
സൗഹൃദ മത്സരത്തിനെത്തുന്ന ലോക ചാമ്പ്യന്മാര്ക്ക് എതിരാളി ഓസ്ട്രേലിയ തന്നെയാകുമെന്ന് സ്ഥരീകരണം വന്നിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമേ ബാക്കിയുള്ളൂ. ഫിഫ റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയ മിന്നും ഫോമിലാണ്. 15 പോയിന്റുകള്‍ നഷ്ടമായി ഇപ്പോള്‍ മൂന്നാമതാണ് അര്‍ജന്റീനയുടെ സ്ഥാനം. ഖത്തര്‍ ലോകകപ്പിനു ശേഷം 2023 ജൂണില്‍ ഇരുവരും ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തില്‍ 2-0 ന് അര്‍ജന്റീന ജയിച്ചിരുന്നു.