വേങ്ങച്ചുവടിൽ മൂല്യവര്‍ധിത ഉത്പാദന കേന്ദ്രം ഉദ്ഘാടനം ഇന്ന്
1596452
Friday, October 3, 2025 4:08 AM IST
വാഴക്കുളം: കര്‍ഷകരെ സഹായിക്കുന്നതിനായി വേങ്ങച്ചുവടിൽ ആരംഭിച്ച മൂല്യവര്‍ധിത ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്. വേങ്ങച്ചുവട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഹാളില്‍ വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് അധ്യക്ഷത വഹിക്കും.
ഡീന്‍ കുര്യാക്കോസ് എംപി ഉത്പന്ന കേന്ദ്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. മാത്യു കുഴല്നാടന് എംഎല്‍എ ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് ലോഗോ പ്രകാശനം ചെയ്യും.
ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ജില്ലാ വ്യവസായ ഓഫീസര്‍ പി.എ. നജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്, എല്‍ദോ ഏബ്രഹാം, ബാബു പോള്‍, ജോണി നെല്ലൂര്‍, മൂവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ജിബിന്‍ റാത്തപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, മൂവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, ജില്ലാ വ്യവസായ കേന്ദ്രം, കൃഷി വകുപ്പ് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ 85 ലക്ഷം രൂപ മുടക്കിലാണ് മൂല്യവര്‍ധിത ഉത്പന്ന കേന്ദ്രം ആരംഭിക്കുന്നത്.
ജില്ലയിലെ പ്രധാന കാര്‍ഷികോത്പന്നങ്ങളായ പൈനാപ്പിള്‍, മാമ്പഴം, ചക്ക, നേന്ത്രക്കായ, പപ്പായ, മരച്ചീനി തുടങ്ങിയവ വിളവെടുപ്പു കാലത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം നടത്തുകയാണ് ലക്ഷ്യം.