നവീകരിച്ച അന്ധ വനിതാ തൊഴില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം മൂന്നിന്
1596229
Wednesday, October 1, 2025 7:12 AM IST
പോത്താനിക്കാട്: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച പോത്താനിക്കാട് അന്ധ വനിതാ തൊഴില്‍ പരിശീലന, ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം മൂന്നിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും. എറണാകുളം ജില്ലാ പഞ്ചായത്തില്‍നിന്നും 37 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്.
ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡിന്റെ നേതൃത്വത്തില്‍ 1988 ല്‍ കാഴ്ച പരിമിതിയുള്ള വനിതകള്‍ക്ക് താമസിച്ച് തൊഴില്‍ പരിശീലനവും വരുമാനവും ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. സംസ്ഥാനത്തെ ആദ്യ അന്ധ വനിതാ പരിശീലന കേന്ദ്രമാണിത്.
അന്ധ വനിതകള്‍ക്കായി വിവിധ മേഖലകളിലുള്ള തൊഴില്‍ പരിശീലനവും ഉത്പന്നങ്ങളുടെ നിര്‍മാണവും, വിപണനവും ആരംഭിച്ചതിലൂടെ നിരവധി കുടുംബങ്ങളെ ഇരുട്ടിന്റെ ലോകത്തുനിന്ന് വെളിച്ചത്തിലേക്ക് കേന്ദ്രം നയിച്ചു.
അന്ധവനിതകള്ക്കു വേണ്ടി ബ്രെയിലിയില്‍ പൊതുവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിവിധ പരിശീലന പരിപാടികള്‍ ഇവിടെ നടന്നിരുന്നു മെഴുകുതിരി നിര്‍മാണം, കുട നിര്‍മാണം, തയ്യല്‍, ഹോം സയന്‍സ്, പ്ലാസ്റ്റിക് കസേര വരിയല്‍, ക്ലീനിംഗ് ലിക്വിഡ് നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനങ്ങളാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. 20 വര്‍ഷം മുന്‍പുവരെ ഓരോ ബാച്ചിലും 80ലധികം വനിതകള്‍ ഇവിടെ താമസിച്ച് തൊഴില്‍ പരിശീലനം നേടിയിരുന്നു.
എന്നാല്‍ 2003-2004 കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും ഈ സ്ഥാപനത്തിന് ലഭിച്ചിരുന്ന സാമ്പത്തിക സഹായം നിലച്ചതിനെ തുടര്‍ന്നാണ് സെന്ററിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. സ്ഥാപനത്തിന്റെ ചുമതലക്കാരായ കേരള ഫെഡറേഷന് ഓഫ് ദ ബ്ലൈന്‍ഡ് ഭാരവാഹികള്‍ സുമനസുകളുടെ സഹായത്തോടുകൂടിയാണ് ഈ കേന്ദ്രം നടത്തിക്കൊണ്ടുപോകുന്നത്.
38 വര്‍ഷത്തോളമായി കെട്ടിടത്തിന് അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ കഴിയാത്തതുമൂലം പരിശീലന കേന്ദ്രം അതിശോചനീയമായ അവസ്ഥയിലായി. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷി ഘടക പദ്ധതിയില്‍പ്പെടുത്തി ഈ കേന്ദ്രം നവീകരിക്കുന്നതിനും കാഴ്ച പരിമിതിയുള്ള നിരാലംബരായ വനിതകള്‍ക്ക് സുരക്ഷിതമായി താമസിച്ച് തൊഴില്‍ പരിശീലനം നേടുന്നതിനുംവേണ്ടി ഫണ്ട് അനുവദിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും, ഡിവിഷന് അംഗം റാണിക്കുട്ടി ജോര്‍ജും പറഞ്ഞു.
കെട്ടിട നവീകരണത്തിന് പുറമെ വിവിധ മേഖലകളില്‍ ആവശ്യമായ തൊഴില്‍ പരിശീലനത്തിനായി ആദ്യഘട്ടം എന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപ അനുദിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങിൽ മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.