കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ കൂലി തര്‍ക്കത്തിന് താത്കാലിക പരിഹാരം
1596468
Friday, October 3, 2025 4:25 AM IST
നോക്ക് കൂലി പരാതി ജില്ലാ ലേബര്‍ ഓഫീസര്‍ അന്വേഷിക്കും
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ മീന്‍ ഇറക്ക് വിഭാഗം തൊഴിലാളികളുടെ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ബുധനാഴ്ച ജില്ലാ ലേബര്‍ ഓഫീസര്‍ എം.എം ജോവിന് വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് താല്‍ക്കാലിക പരിഹാരമായത്.
ഇതോടെ ഹാര്‍ബര്‍ പ്രവര്‍ത്തനം ഇന്നലെ സാധാരണ പോലെ നടന്നു. തര്‍ക്ക വിഷയത്തിലിരിക്കുന്ന വേതനത്തിന്റെ 62.5 ശതമാനം ആറാം തീയതി നല്കാന് യോഗത്തില്‍ ധാരണയായി. തൊഴിലുടമകളായ ബോട്ടുടമകള്‍ ഉന്നയിച്ച നോക്ക് കൂലി പ്രശ്നം ജില്ലാ ലേബര്‍ ഓഫീസര്‍ അന്വേഷിച്ച് തീരുമാനമെടുക്കും.
അതേസമയം കഴിഞ്ഞ 14 വര്‍ഷമായി രണ്ട് ശതമാനമാണ് വേതനം ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 29 വരെയുള്ള വേതനത്തിന്റെ 62.5 ശതമാനം നല്‍കാമെന്ന് തൊഴിലുടമ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ പുനരാരംഭിക്കുന്നതെന്നും തൊഴിലുടമ ഉന്നയിച്ച നോക്ക് കൂലി സമ്പ്രദായം അംഗീകരിക്കുന്നില്ലെന്നും തൊഴിലാളി യൂണിയന് നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി.
സിഐടിയു യൂണിയന് വാദം ബോട്ടുടമകള്‍ അംഗീകരിക്കില്ലെങ്കിലും ലേബര്‍ ഓഫീസറുടെ അഭ്യര്‍ഥന മാനിക്കുകയാണെന്നും ബോട്ടുടമകളും യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ബോട്ടുടമകള്‍ക്കു വേണ്ടി സിബി പുന്നൂസ്, എ.പി.റോയ് എന്നിവരും തൊഴിലാളി യൂണിയന് വേണ്ടി കെ.എം റിയാദ്, ബെനഡിക്റ്റ് ഫെര്‍ണാണ്ടസ്, വി.എം യൂസഫ്, ആര്.ഐ. അക്ബര്‍, പി.കെ. റഷിമോന്‍ എന്നിവരും പങ്കെടുത്തു. അടുത്ത ചര്‍ച്ച പത്തിന് ഉച്ചക്ക് മൂന്നിന് നടക്കും. വിഷയത്തില്‍ മന്ത്രി പി.രാജീവ്, ഹൈബി ഈഡന് എംപി എന്നിവര്‍ ഇടപെട്ടതായാണ് വിവരം.
കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് പേഴ്സിന് നെറ്റ് ബോട്ടിലെ മീന്‍ ഇറക്കാന്‍ തൊഴിലാളികള്‍ തയാറാകാതിരുന്നത് വീണ്ടും പ്രശ്നത്തിന് കാരണമായത്. ഹാര്‍ബര്‍ പ്രശ്നത്തില്‍ പേഴ്സിന് നെറ്റ് ബോട്ട് തൊഴിലാളി യൂണിയന് ഹാര്‍ബര്‍ വളയല്‍ ഉള്‍പ്പെടെയുള്ള സമരം തീരുമാനിച്ച സാഹചര്യത്തില്‍ വിഷയം കൂടുതല്‍ സങ്കീര്ണമാകുമെന്ന ആശങ്കയാണ് അവധി ദിനമായിട്ടു കൂടി ജില്ലാ ലേബര്‍ ഓഫിസര്‍ അനുരഞ്ജന യോഗം വിളിച്ചു ചേര്‍ത്തത്. ഇന്നലെ കടലില്‍ പോയ ബോട്ടുകള്‍ക്ക് മത്സ്യം ലഭിക്കുകയും ചെയ്തു.