ആലുവ ഹൈടെക്ക് വയോജനകേന്ദ്രത്തിന്റെ നിർമാണം നിലച്ചിട്ട് ആറു വർഷം
1596242
Wednesday, October 1, 2025 7:12 AM IST
ആലുവ: ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും ചേർന്ന് ആവിഷ്കരിച്ച ഹൈടെക്ക് സ്പെഷാലിറ്റി വയോജനകേന്ദ്രം ആറ് വർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ. 2019 ജനുവരി 14 ന് തറക്കല്ലിട്ട് നിർമാണം ആരംഭിച്ച സർക്കാർ മേഖലയിലെ ആദ്യ സ്പെഷാലിറ്റി വയോജനകേന്ദ്രമാണ് കഴിഞ്ഞ മൂന്ന് വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്നത്.
ആറ് വർഷം മുമ്പ് ആറ് കോടി രൂപ ചെലവ് പ്രഖ്യാപിച്ച് തുടങ്ങിയ പദ്ധതി ആറ് വയോജന ദിനങ്ങൾ കടന്നു പോയിട്ടും മൂന്ന്നിലയുടെ കോൺക്രീറ്റ് കെട്ടിടമായി സ്തംഭിച്ചിരിക്കുകയാണ്. ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തായി ഈഎസ് ഐ റോഡിലെ പദ്ധതി പ്രദേശത്ത് കെട്ടിടത്തിന് ചുറ്റും കാടുകയറി നശിച്ചു കിടക്കുകയാണ്.
ചെലവ് അധികരിച്ചതിനാൽ പദ്ധതി പൂർത്തീകരിക്കാൻ മതിയായ ഫണ്ട് ഇല്ലെന്നാണ് ജില്ലാ പഞ്ചായത്ത് വിശദീകരിക്കുന്നത്. ഇനിയും കോടികൾ മുടക്കിയാൽ മാത്രമേ കെട്ടിട നിർമാണം മുഴുവനാക്കാനും വിവിധ സൗകര്യങ്ങൾ ഒരുക്കാനും കഴിയൂ.
ഓരോ നിലകളിലും 10 വീതം മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഡോർമെട്രികൽ, എസി മുറികൾ, ഡൈനിംഗ് ഏരിയ, റിക്രിയേഷൻ ഏരിയ, പരിശീലന കേന്ദ്രം, വാക്വേകൾ തുടങ്ങിയ സൗകര്യങ്ങളും തയാറാക്കാൻ വേണ്ട ഫണ്ട് ജില്ലാ പഞ്ചായത്തിന്റെ കൈയിലില്ല. നിലവിലെ ഭരണസമിതിയുടെ കാലത്ത് പദ്ധതി നടപ്പിലാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.