സാമൂഹിക പ്രതിബദ്ധത സാനുമാഷിന്റെ മുഖമുദ്ര: പി.എസ്. ശ്രീകല
1595974
Tuesday, September 30, 2025 7:45 AM IST
കൊച്ചി: സാമൂഹ്യ പ്രതിബദ്ധതയായിരുന്നു സാനുമാഷിന്റെ മുഖമുദ്രയെന്നും ഇതുകൊണ്ടാണ് പൊതു ഇടങ്ങളില്‍ അദ്ദേഹം കൂടുതല്‍ തൽപരനായിരുന്നതെന്നും കേരള നോളജ് ഇക്കണോമി മിഷന് ഡയറക്ടര്‍ പി.എസ്. ശ്രീകല അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററും ലളിതാംബിക അന്തര്‍ജനം സാഹിത്യവേദിയും സംഘടിപ്പിച്ച ‘നിത്യവിസ്മയ സാനു’ പ്രഫ. എം.കെ. സാനു അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
എവിടെയും യാത്ര ചെയ്തു പ്രസംഗിക്കുവാന്‍ അവസാന നാളുകളില്‍ പോലും അദ്ദേഹം തയാറായിരുന്നു. ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ വിമര്‍ശിക്കുവാനോ സംസാരിക്കുവാനോ മാഷ് തയാറായിരുന്നില്ല. മനുഷ്യത്വം ഇല്ലെങ്കില്‍ മനുഷ്യന് അല്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണ് സാനു മാഷെന്നും ശ്രീകല കൂട്ടിച്ചേർത്തു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലളിതാംബിക അന്തര്‍ജനം സെന്റര്‍ ഡയറക്ടര്‍ തനൂജ ഭട്ടതിരി, ജയശ്രീ ശങ്കര്‍, ഫൗസിയ കളപ്പാട്ട്, രഞ്ജിത്ത് സാനു, അനാമിക സജീവ്, സിന്ധു സൂസന് വര്‍ഗീസ്, ഡോ. രേണു പുത്തൂര്‍, കെ. സരസ്വതിയമ്മ, നിജു ആന്‍ ഫിലിപ്പ്, സീജ ജിതേഷ് മീരബെന്‍ എന്നിവര്‍ പ്രസംഗിച്ചു.