അധ്യാപകരുടെ സേവനത്തെ മാനിക്കാത്ത സർക്കാർ നിലപാട് ദൗർഭാഗ്യകരം: അതിരൂപത ടീച്ചേഴ്സ് ഗിൽഡ്
1596238
Wednesday, October 1, 2025 7:12 AM IST
കൊച്ചി: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കത്തോലിക്കാ മാനേജ്മെന്റുകൾ പാലിച്ചിട്ടും സത്യവിരുദ്ധമായ പ്രസ്താവനകളിലൂടെ നീതിനിഷേധിക്കുന്നത് അപലപനീയമെന്ന് എറണാകുളം - അങ്കമാലി അതിരൂപത ടീച്ചേഴ്സ് ഗിൽഡ്.
ഭിന്നശേഷി വിഷയത്തിൽ എൻഎസ്എസിനു ലഭിച്ച സുപ്രീം കോടതിവിധി സമാന സ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ബാധകമാണെന്നിരിക്കെ, സുപ്രീം കോടതിയിൽ നിന്നും സമാനവിധി വാങ്ങണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശി ജനാധിപത്യമര്യാദകൾക്ക് ചേർന്നതല്ല. ഭരണഘടനയുടെ മൂല്യങ്ങൾക്ക് നിരക്കാത്ത, അധ്യാപകരുടെ സേവനത്തെ മാനിക്കാത്ത സർക്കാർ നിലപാട് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.
പ്രഥമാധ്യാപകരുടെ കൃത്യവിലോപം കൊണ്ടാണ് ദിവസവേതനക്കാരുടെ വേതനം വൈകുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയും വാസ്തവവിരുദ്ധമാണ്. വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥർ പറയുന്നത് മാത്രം കേട്ടു പ്രവർത്തിക്കേണ്ട ആളല്ല. വസ്തുതകൾ പഠിച്ച് യാഥാർഥ്യബോധത്തോടെ മുന്നോട്ടുനീങ്ങണം. കേരള പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പൊതുവിദ്യാഭ്യാസ മന്ത്രിയുടെ വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ തിരുത്തണമെന്ന് അതിരൂപത ഡയറക്ടർ ഫാ.തോമസ് നങ്ങേലിമാലിൽ, പ്രസിഡന്റ് ജീബ പൗലോസ്, സെക്രട്ടറി ബിനോയി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.