എറണാകുളത്തപ്പന് ക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി തെരഞ്ഞെടുപ്പിന് അനുമതി
1595966
Tuesday, September 30, 2025 7:44 AM IST
കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി തെരഞ്ഞെടുപ്പിന് ഹൈക്കോടതി അനുമതി നല്കി. തെരഞ്ഞെടുപ്പ് തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പിന്‍വലിച്ചാണ് തെരഞ്ഞെടുപ്പിന് കൊച്ചിന് ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ച് അനുമതി നല്‍കിയത്.
എറണാകുളം ക്ഷേത്ര ക്ഷേമസമിതിയുടെ എതിര്‍പ്പ് പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് തടഞ്ഞ് 2023 മേയ് 12ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2016 മുതല്‍ ക്ഷേത്ര നടത്തിപ്പില്‍ പങ്കാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം ക്ഷേത്ര ക്ഷേമസമിതി പുതിയ ക്ഷേത്രോപദേശക സമിതി രൂപീകരിക്കാനുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡ് തീരുമാനത്തെ എതിര്‍ത്തത്.
സമിതി ഓഡിറ്റിനായി വര്‍ഷങ്ങളായി രേഖകള്‍ നല്‍കിയിട്ടില്ലെന്നും ഗുരുതരമായ ആരോപണമാണ് നേരിടുന്നത് എന്നതിനാൽ സമിതിയെ ഒരു കാരണവശാലും ക്ഷേത്ര നടത്തിപ്പില്‍ പങ്കാളിയാക്കാനാകില്ലെന്നും വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. 2023 സെപ്റ്റംബറില്‍ സമിതിയുടെ കാലാവധി കഴിഞ്ഞതാണ്.
ക്ഷേത്രോപദേശക സമിതിയായി അംഗീകരിക്കണമെന്ന ആവശ്യം ദേവസ്വം ബോര്‍ഡ് തള്ളിയിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം നീട്ടിവയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.