പട്ടിമറ്റം മണ്ഡലം കോൺഗ്രസിന്റെ ഭവന സന്ദർശന യാത്ര ഇന്ന് സമാപിക്കും
1596451
Friday, October 3, 2025 4:08 AM IST
കിഴക്കമ്പലം: പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭവന സന്ദർശന യാത്രയുടെ സമാപനവും വിവിധ കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. വൈകിട്ട് ആറിന് പട്ടിമറ്റത്ത് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിക്കും.
പരിപാടിയോടനുബന്ധിച്ച് ബെന്നി ബഹനാൻ എംപി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കും. തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സൗജന്യ മരുന്ന് വിതരണ കൂപ്പൺ ഉദ്ഘാടനം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ നിർവഹിക്കും. അകാലത്തിൽ മരണമടഞ്ഞ സുനിൽ നായർക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറ്റം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിക്കും.
അകാലത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള പെൻഷൻ സ്കീം ഉദ്ഘാടനം കെപിസിസി സെക്രട്ടറി അബ്ദുൾ മുത്തലിബ് നിർവഹിക്കും. വി.പി. സജീന്ദ്രൻ എഴുതിയ ലേഖനം കാലടി സംസ്കൃത സർവകലാശാലയിൽ പാഠ്യ വിഷയമാക്കിയതിൽ സജീന്ദ്രനെ പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിക്കും. തെക്കേ കവലയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം പട്ടിമറ്റത്ത് സമാപിക്കും. തുടർന്ന് മ്യൂസിക് നൈറ്റും അരങ്ങേറും.