ജീവിത ശൈലിയിൽ മാറ്റം വരുത്തി ഹൃദയാരോഗ്യം വീണ്ടെടുക്കണം: കളക്ടർ
1595977
Tuesday, September 30, 2025 7:45 AM IST
പറവൂർ: വ്യായാമവും ആരോഗ്യകരമായ ആഹാര രീതികളും ഉൾപ്പെടെ അനുഗുണമായ മാറ്റങ്ങളിലൂടെ ജീവിതശൈലിയെ നവീകരിക്കണമെന്നും അതിനായി മുഴുവൻ പേരെയും അണി ചേർക്കണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ലോക ഹൃദയദിനത്തിൽ മാല്യങ്കര എസ്എൻഎം കോളേജിൽ സംഘടിപ്പിച്ച ഹൃദയപൂർവം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടർ.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി. ഹൃദയപൂർവം എറണാകുളം കാമ്പയിൻ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. ആരതി കൃഷ്ണൻ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ മുഖ്യാതിഥിയായി. ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആശാദേവി ഫ്ലാഗ് ഓഫ് ചെയ്തു.