കന്നി 20 പെരുന്നാൾ : കോതമംഗലത്തേക്ക് വിശ്വാസികളുടെ പ്രവാഹം
1596460
Friday, October 3, 2025 4:25 AM IST
കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളില്‍ പങ്കെടുക്കാനും പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങി അനുഗ്രഹം പ്രാപിക്കുന്നതിനും വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.
ഇന്നലെ രാവിലെ മുതല്‍തന്നെ മാർത്തോമ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഇടയ്ക്കിടെ പെയ്ത മഴയെ അവഗണിച്ചും അണമുറിയാതെ കാൽനട തീർഥാടകർ എത്തിക്കൊണ്ടിരുന്നു. രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
സന്ധ്യാ നമസ്കാരത്തിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിനും കബറിടം വണങ്ങുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിരുന്നു. വോളന്റിയര്‍മാരും പോലീസും ഇതിനായി സജീവമായി ഉണ്ടായിരുന്നു. ടൗണില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ മുതല്‍തന്നെ നേര്‍ച്ചക്കഞ്ഞി വിതരണംചെയ്തു.
വൈകുന്നേരത്തോട എല്ലാ മേഖലകളില്‍നിന്നുമുള്ള കാല്‍നട തീര്‍ഥാടകർ പള്ളിയിലെത്തി. പതിവുപോലെ കബറിങ്കല്‍ സമര്‍പ്പിക്കുന്നതിനുള്ള ഏലയ്ക്കാ മാലയുമായാണ് ഹൈറേഞ്ചിൽ നിന്നുള്ള തീര്‍ഥാടകര്‍ എത്തിയത്. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലെത്തിയ തീര്‍ഥാടക സംഘത്തിന് കോഴിപ്പിള്ളി കവലയില്‍ സ്വീകരണം നല്കി.
ചെറിയപള്ളിയിലെ വൈദികരും മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്വീകരണത്തില്‍ പങ്കെടുത്തു. പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള തീര്‍ഥാടക സംഘത്തിന് മൂവാറ്റുപുഴ കവലയിലും വടക്കന്‍ മേഖലാസംഘത്തിന് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലയില്‍ നിന്നുളള തീര്‍ഥാടകര്‍ക്ക് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നല്കി.
രാത്രി പത്തിന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം ആരംഭിച്ചു. മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി, സെന്റ് ജോർജ് കത്തീഡ്രൽ, മലയിൻകീഴിലുളള കുരിശടി, എംബിഎംഎം ആശുപത്രി, ടൗൺ കുരിശ് എന്നിവിടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴി പള്ളിയിൽ എത്തിച്ചേർന്നു. ആശീർവാദത്തിനുശേഷം ആകാശ വിസ്മയവും ഉണ്ടായിരുന്നു.
ഇന്ന്
ഇന്ന് രാവിലെ 5.30 നുള്ള കുര്‍ബാനയ്ക്ക് ഏബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും ഏഴിനുള്ള കുര്‍ബാനയ്ക്ക് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയും 8.30 നുള്ള കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയും കാര്‍മികത്വം വഹിക്കും. 10.30 ന് നേര്‍ച്ചസദ്യ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദക്ഷിണം. നാളെയാണ് പെരുന്നാൾ സമാപിക്കുന്നത്. സമീപ പ്രദേശത്തെ ഗജവീരൻമാർ പള്ളിയുടെ പൂമുഖത്തെത്തി പരിശുദ്ധ ബാവയുടെ കബർ വണങ്ങുന്നതും പ്രത്യേകതയാണ്.