വേർപിരിഞ്ഞ് കഴിയുന്ന ഭാര്യ മക്കളെ കാണാനെത്തിയപ്പോൾ ഭർത്താവിന്റെ കുത്തേറ്റു
1596247
Wednesday, October 1, 2025 7:25 AM IST
അങ്കമാലി: ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് കഴിയുന്ന ഭാര്യ മക്കളെ കാണാൻ എത്തിയപ്പോൾ ഭർത്താവ് കത്തിക്ക് കുത്തി. ഗുരുതരാവസ്ഥയിലായ ഭാര്യയെ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഒളിവിലാണ്.
മൂക്കന്നൂർ പുതുശേരി വീട്ടിൽ ജിനു (44)വിന്റെ ഭാര്യ റിയ (36) യ്ക്കാണ് കുത്തേറ്റത്. ഇന്നലെ രാവിലെ പത്തോടെ മൂക്കന്നൂർ ഫൊറോന പള്ളിക്കു പിന്നിലുള്ള കാളാർകുഴി റോഡിലാണ് സംഭവം. ശ്രീമൂലനഗരം സ്വദേശിനിയാണ് റിയ.
ഇറ്റലിയിൽ ജോലിയുള്ള റിയ ഏതാനും ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. കോടതിയുടെ അനുമതിയോടെയാണ് റിയ ഇന്നലെ മക്കളെ കാണാൻ ശ്രമിച്ചത്. മക്കളെ കാണാൻ ജിനു വിസമ്മതിച്ചിരുന്നു. റിയ എത്തിയതറിഞ്ഞ ജിനു കത്തിയുമായെത്തി നടുറോഡിൽ വച്ച് കുത്തുകയായിരുന്നു. തുടർന്ന് ജിനു സ്കൂട്ടറിൽ കടന്നുകളഞ്ഞു.
കഴുത്തിലും വയറിലും കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന റിയയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരും. അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിനുവിനെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.