ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം
1596467
Friday, October 3, 2025 4:25 AM IST
കളമശേരി: സൗത്ത് കളമശേരി ശാന്തിനഗറിൽ ചുള്ളിക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. പ്രധാന ശ്രീകോവിലിന് ചുറ്റുമുള്ള ഉപ ക്ഷേത്രങ്ങളുടെ മുന്നിലായി വച്ചിരുന്ന അഞ്ച് ചെറിയ സ്റ്റീൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്താണ് പണം കവർന്നത്.
കൂടാതെ പ്രധാന ഗോപുരത്തിന്റെ ഭണ്ഡാരവും തകർത്തിട്ടുണ്ട്. സംഭവത്തിൽ 6,000 ത്തിൽ പരം രൂപ നഷ്ടമായതായി ക്ഷേത്ര ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച രാത്രി 9.30 വരെ വിജയദശമി ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആളുകൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
അർധരാത്രി പന്ത്രണ്ടിനുശേഷം ഒരാൾ ക്ഷേത്രത്തിൽ കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ചെറിയ കമ്പിവടി ഉപയോഗിച്ചാണ് സ്റ്റീൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തിട്ടുള്ളത്. ഇന്നലെ പുലർച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കാൻ എത്തിയ ജീവനക്കാരനാണ് മോഷണം നടന്നത് കണ്ടത്. രണ്ടു ദിവസം മുമ്പ് ഭണ്ഡാരങ്ങൾ തുറന്ന് തുക എടുത്തിരുന്നു.
അഞ്ചു വർഷം മുമ്പ്, ക്ഷേത്രത്തിന്റെ ഓഫീസിൽ നിന്ന് ശമ്പളം കൊടുക്കാനായി വച്ചിരുന്ന 45,000 രൂപ മോഷണം പോയിരുന്നു. ഈ സംഭവത്തിൽ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കളമശേരി പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.