കിഴക്കേക്കര-അടൂപ്പറമ്പ് റോഡ് തകര്‍ന്നു; യാത്രക്കാർ ദുരിതത്തിൽ
1596230
Wednesday, October 1, 2025 7:12 AM IST
മൂവാറ്റുപുഴ : തകര്‍ന്നു തരിപ്പണമായ കിഴക്കേക്കര - അടൂപ്പറമ്പ് റോഡില്‍ വെള്ളക്കെട്ടും രൂക്ഷമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിനു മുന്നില്‍ നിന്ന് അടൂപ്പറമ്പ് മാവിന്‍ചുവട് വരെ രണ്ടര കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.
ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ ഭാരവാഹനങ്ങളുള്‍പ്പെടെ പതിവായി കടന്നുപോയതോടെയാണ് കുഴികള്‍ രൂപപ്പെട്ടത്. നഗരവികസനത്തിന്റെ ഭാഗമായി മൂന്നു മാസം മുമ്പ് വാഹന ഗതാഗതം ഇതുവഴി തിരിച്ചുവിട്ടതാണ് തകര്‍ച്ചയ്ക്കു കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു.
എംസി റോഡ് വഴി കോട്ടയം ഭാഗത്തേയ്ക്കും മൂവാറ്റുപുഴ, തൊടുപുഴ, പുനലൂര്‍ ഭാഗത്തേക്കും ആരക്കുഴ, ആലപ്പുഴ, പണ്ടപ്പിള്ളി ഭാഗത്തേയ്ക്കുമുള്ള വാഹനങ്ങളാണ് ഇതുവഴി തിരിച്ചുവിട്ടത്. കൂടാതെ അന്തര്‍ സംസ്ഥാന ചരക്കു വാഹനങ്ങളും ടിപ്പര്‍, ടോറസ് വാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഇട തടവില്ലാതെ വാഹനങ്ങള്‍ കടന്നുപോയതോടെ റോഡിന്റെ അടിത്തട്ട് ഇളകുകയും കലുങ്കുകള്‍ പലതും തകരുകയും ഓടകളില്‍ മണ്ണ് അടിഞ്ഞു കൂടുകയും ചെയ്തു.
റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് ക്ഷേത്രത്തിന്റെയും സ്കൂളിന്റെയും സ്വകാര്യ വ്യക്തികളുടെ പറന്പിന്റെയും ചുറ്റുമതിലുകള്‍ തകര്‍ത്തിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും പൊതുമരാമത്ത് റോഡ് വിഭാഗം നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.