കണ്ടനാട് പാടശേഖരത്തിൽ വിത്തുവിതച്ച് നടൻ ധ്യാനും കൃഷിയിടത്തിലേക്ക്
1596232
Wednesday, October 1, 2025 7:12 AM IST
ഉദയംപേരൂർ: കണ്ടനാട് പാടശേഖരത്തിൽ ഇത്തവണ കൃഷിയിറക്കാൻ നടൻ ധ്യാനുമെത്തി. 10 വർഷം മുൻപ് രണ്ട് ഏക്കറിൽ പിതാവ് ശ്രീനിവാസൻ തുടങ്ങിയ കൃഷിക്ക് പിന്നാലെയാണ് പാടശേഖര സമിതിക്കൊപ്പം ഇത്തവണ ധ്യാൻ ശ്രീനിവാസനും കൃഷിയിറക്കാനെത്തിയത്.
ഹൈബി ഈഡൻ എംപിയോടൊപ്പമാണ് ധ്യാൻ നെല്ല് വിതച്ചത്. 80 ഏക്കറിലാണ് ഇത്തവണത്തെ കൃഷി. ഉമ വിത്തുകളാണ് വിതയ്ക്കുന്നത്. 1500 കിലോഗ്രാമിൽ ഏറെ വിത്തുകൾ ഇവിടെ എത്തിയിട്ടുണ്ട്. 5 ഏക്കറിൽ നാടൻ വിത്തുകളും വിതയ്ക്കും. പഞ്ചായത്ത്, കൃഷിഭവൻ, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത ഉത്സവം കണ്ടനാട് ചെമ്മാച്ചൻ പള്ളിയോടു ചേർന്നുള്ള പുന്നച്ചാലിൽ പാടശേഖരത്തിലാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിച്ചു.
നടൻ മണികണ്ഠൻ ആചാരി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജോർജ് കുളങ്ങര, സഞ്ജു സൂസൻ, കെ.വി. അനിത തുടങ്ങിയവർ പ്രസംഗിച്ചു. വിത ഉത്സവത്തിന്റെ ഭാഗമായി ചെളിയിൽ പന്ത് കളിക്കാനും അവസരമൊരുക്കിയിരുന്നു.ധ്യാൻ ശ്രീനിവാസൻ, നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നത്.