യുവാവിനെ കുത്തിയശേഷം സ്കൂട്ടർ മോഷണം; രണ്ടുപേർ അറസ്റ്റിൽ
1595978
Tuesday, September 30, 2025 7:45 AM IST
കാക്കനാട്: തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചശേഷം സ്കൂട്ടറുമായി കടന്ന സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശി അക്ഷയ്(25) പാലക്കാട് സ്വദേശി സതീശൻ(30) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22 ന് രാത്രി 11ഓടെയായിരുന്നു സംഭവം. പരാതിക്കാരന്റെ സുഹൃത്തുക്കളെ തൃക്കാക്കര ബിഎംസി കോളജിന് മുന്നിൽവച്ച് പ്രതികൾ ആക്രമിച്ചതു ചോദ്യം ചെയ്ത ശേഷം മടങ്ങിയ പരാതിക്കാരനെ അക്ഷയും സതീശനും പിന്തുടർന്ന് തൃക്കാക്കര പൈപ്പ് ലൈനിലുള്ള കഫേയുടെ മുന്നിൽ വച്ച് കത്തിക്ക് കുത്തിയശേഷം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സംഭവ സ്ഥലത്തെത്തിയ വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയും ഇന്നലെ പുലർച്ചെ ഇടപ്പള്ളി ലുലു മാളിന് സമീപം വച്ച് അറസ്റ്റുചെയ്യുകയുമായിരുന്നു. ഒന്നാം പ്രതി അക്ഷയ് തൃശൂർ, പാലക്കാട് ജില്ലകളിൽ കാപ്പ കേസ് അടക്കം 17 കേസുകളിൽ പ്രതിയാണ്.
തൃക്കാക്കര അസി. കമ്മീഷണർ പി.എസ്.ഷിജുവിന്റെ നിർദേശാനുസരണം തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ കിരൺ സി. നായരുടെ മേൽനോട്ടത്തിൽ എസ്ഐ വി .ബി.അനസ് , ജാഫർ, സിപിഒ സാൽമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.