പ്രായം മറന്നുള്ള മേളക്കൊഴുപ്പിലൂടെ വിസ്മയിപ്പിച്ച് സായംപ്രഭ കൂട്ടായ്മ
1596240
Wednesday, October 1, 2025 7:12 AM IST
പറവൂര്‍: കോട്ടപ്പുറം രൂപതയുടെ നിയന്ത്രണത്തിലുള്ള കിഡ്സിന്റെ (കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി) ആഭിമുഖ്യത്തില്‍ 13 വര്‍ഷം മുമ്പ് ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളിക്രോസ് ഇടവകയില്‍ രൂപീകരിച്ച സായംപ്രഭ കൂട്ടായ്മ അവതരിപ്പിച്ച ശിങ്കാരിമേളം ശ്രദ്ധേയമായി.
60 വയസ് കഴിഞ്ഞവരുടെ കൂട്ടായ്മയായ ഇതിലെ 18 മുതിര്‍ന്ന അംഗങ്ങളാണ് ഹോളിക്രോസ് ദേവാലയത്തിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിനോടനുബന്ധിച്ച് നടന്ന ഇടവകദിനത്തില്‍ ശിങ്കാരിമേളം അവതരിപ്പിച്ചത്.
ചെണ്ടമേളം ശാസ്ത്രീയമായി അഭ്യസിച്ച് അരങ്ങേറ്റം നടത്തിയ തോമസ് കളരിത്തറയുടെയും സെബാസ്റ്റ്യന്‍ കുറുപ്പശേരിയുടെയും ശിക്ഷണത്തിലായിരുന്നു പരിശീലനം. മുമ്പ് ഒരിക്കല്‍പോലും ചെണ്ട കൈകൊണ്ട് തൊടാന്‍ അവസരം ലഭിക്കാത്തവരായിരുന്നു ഇവരെല്ലാവരും എന്നതാണ് വാസ്തവം.
പള്ളി വികാരി ഫാ. ജോയ് തേലക്കാട്ടിന്റെ പ്രോത്സാഹനത്തില്‍ തോമസ് കളരിത്തറ, സെബാസ്റ്റ്യന്‍ കുറുപ്പശേരി, ഷെല്ലി പുത്തന്‍വീട്ടില്‍, വര്‍ഗീസ് കളത്തില്‍, മാത്യു കളത്തില്‍, ജോര്‍ജ് പുത്തന്‍വീട്ടില്‍, ഗ്രേസി ഷെല്ലി, മാര്‍ഗി തോമസ്, മറിയിലി ഓസോ, എല്‍സി റാഫേല്‍, ലില്ലി ജോയ്, ഫിലോ സെബാസ്റ്റ്യന്‍, ബേബി ജെറി, മേരി റോക്കി, കര്‍മലി കുഞ്ഞപ്പന്, ഗ്രേസി ജോര്‍ജ്, ബേബി കുഞ്ഞപ്പന്, സ്റ്റെല്ല ഡാനിയല്‍ എന്നിവരാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.