ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ 1,117 കുരുന്നുകളെ എഴുത്തിനിരുത്തി
1596443
Friday, October 3, 2025 3:38 AM IST
പറവൂർ: പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നുകരാൻ 1,117 കുരുന്നുകളെത്തി. ഇന്നലെ പുലർച്ചെ മുതൽ വിദ്യാരംഭത്തിന് എത്തിയവരുടെ വലിയ തിരക്കായിരുന്നു. ഹരിശ്രീ കുറിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കുട്ടികളുമായി എത്തി.
ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്. തന്ത്രി പുളിയന്നൂർ ഹരിനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ബി.എം. അജിത്കുമാറിന്റെയും കാർമികത്വത്തിൽ പുലർച്ചെ അഞ്ചിന് പൂജയെടുത്തു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഭദ്രദീപം കൊളുത്തി വിദ്യാരംഭത്തിന് തുടക്കംകുറിച്ചു.
പുലർച്ചെ മുതൽ ആരംഭിച്ച വിദ്യാരംഭം പകൽ 1.30നാണ് സമാപിച്ചത്.
18 ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തി. ദർശനത്തിനു ശേഷം ചുറ്റമ്പലത്തിനകത്തും ക്ഷേത്ര ചുവരിനോടു ചേർന്നും മണ്ണിൽ കുട്ടികളും മുതിർന്നവരും അക്ഷരങ്ങൾ എഴുതിയാണ് മടങ്ങിയത്.
സരസ്വതി മണ്ഡപത്തിലെ സംഗീതോത്സവത്തിൽ സംഗീതാർച്ചന, സംഗീതക്കച്ചേരി, വയലിൻ അർച്ചന, ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, കാവടി ചിന്ത്, തിരുവാതിരകളി, സോപാന സംഗീതാർച്ചന, ഇടയ്ക്ക കച്ചേരി, വയലിൻ സോളോ, ഭക്തിഗാനമേള എന്നിവ അരങ്ങേറി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ക്ഷേത്രദർശനത്തിന് എത്തിയിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും, മറ്റ് സന്നദ്ധ സംഘടനാ വളണ്ടിയർമാരും രംഗത്തുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയവർക്ക് പറവൂർ പോലീസിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പിയും ലഘുഭക്ഷണവും നൽകി.
ആവണംകോട് 800 ഓളം കുരുന്നുകൾ
നെടുമ്പാശേരി: നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ എണ്ണൂറോളം കുഞ്ഞുങ്ങൾ ഹരിശ്രീ കുറിച്ചു. പശ്ചിമ ബംഗാൾ, ആന്ധ്ര, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കുട്ടികൾ ഹരിശ്രീ കുറിക്കാൻ എത്തിയിരുന്നു.
കേരള ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ആർ.കെ. ദാമോദരൻ, ശ്രീമൂലനഗരം മോഹൻ, തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, കെ.എൻ.കെ. നമ്പീശൻ തുടങ്ങി അധ്യാപകരും പണ്ഡിത ശ്രേഷ്ഠരും കലാകാരന്മാരും അടങ്ങിയ ആചാര്യന്മാരാണ് കുട്ടികളെ ഹരിശ്രീ കുറിക്കാൻ എത്തിയത്.
34 മത് നവരാത്രി ക്ലാസിക്കൽ നൃത്തസംഗീതോത്സവം പഞ്ചരത്നകീർത്തനാലാപനത്തിലൂടെ അവസാനിച്ചു. 11 ദിവസങ്ങളിലായി നടന്ന നൃത്ത-സംഗീത ആരാധനകളിൽ 600 ഓളം വിദ്യാർഥികളും പ്രഫഷണൽ കലാകാരന്മാരും പങ്കുകൊണ്ടു. ഉദയനാപുരം ഹരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറിയിരുന്നു.
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ഇനി പതിവ് പോലെ നിത്യേന ക്ഷേത്രത്തിൽ വിദ്യാരംഭം ചെയ്യാൻ സാധിക്കും. ഇതിനായി രാവിലെ 9ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നാൽ മതിയാകും.