ദേശീയപതാകയുടെ നിറം പൂശിയ ബസുകള്‍ ജില്ലയിലെത്തി
1595976
Tuesday, September 30, 2025 7:45 AM IST
കൊച്ചി: ദേശീയപതാകയുടെ പ്രമേയം ഉള്‍ക്കൊള്ളിച്ചുകൊണ്ട് രൂപകല്പന ചെയ്ത കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകള്‍ ജില്ലയിലും എത്തി. വിവിധ ഡിപ്പോകള്‍ക്കായി അനുവദിച്ച 11 ബസുകളാണ് എത്തിയത്. ഇതില്‍ ആറെണ്ണം എറണാകുളം ഡിപ്പോക്കും, ആലുവ, പെരുമ്പാവൂര്‍ ഡിപ്പോകള്‍ക്ക് രണ്ടും, മൂവാറ്റുപുഴയ്ക്ക് ഒരു ബസുമാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ ബസുകള്‍ വാണിജ്യാടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിച്ചു.
എറണാകുളം ഡിപ്പോയ്ക്ക് ലഭിച്ച ആറു ബസുകളില്‍ ഒന്ന് എസി സ്ലീപ്പര്‍ ബസാണ്. എറണാകുളം-ചെന്നൈ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തിയിരുന്ന സ്വിഫ്റ്റ് പ്രീമിയം എസി ബസിനു പകരമായാണ് പുതിയ ബസ് സര്‍വീസ് നടത്തുന്നത്. ഇരിപ്പിടങ്ങള്‍ ഇല്ലാതെ കിടന്നുപോകുന്നതിനുള്ള ബര്‍ത്തുകളാണ് ബസിലുള്ളത്. കൂടാതെ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ടെലിവിഷന്‍, സിസി ടിവി, ഓണ്‍ബോര്‍ഡ് ക്യാമറകള്‍ എന്നിവയുമുണ്ട്.
വൈകുന്നേരം 5.30ന് എറണാകുളം ഡിപ്പോയില്‍നിന്ന് പുറപ്പെടുന്ന ബസ് പിന്നേറ്റ് പുലര്‍ച്ചെ 6.40ന് ചെന്നൈയില്‍ എത്തും. അന്ന് വൈകുന്നേരം 6.30നാണ് ചെന്നൈയില്‍ നിന്നുള്ള മടക്കയാത്ര. പിറ്റേന്ന് രാവിലെ 7.30ന് എറണാകുളത്ത് ബസ് എത്തിച്ചേരും. എറണാകുളം-തിരുപ്പൂര്‍, എറണാകുളം-പൂപ്പാറ, എറണാകുളം-കുമളി, എറണാകുളം-നെടുങ്കണ്ടം എന്നീ റൂട്ടുകളിലേക്കാണ് ഫാസ്റ്റ് പാസഞ്ചര്‍ കാറ്റഗറിയിലുള്ള മറ്റ് അഞ്ച് ബസുകളുടെ സര്‍വീസ്.
ആലുവ ഡിപ്പോയ്ക്കായി ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസും ഒരു മിനി ബസുമാണ് എത്തിയിരിക്കുന്നത്. മൂന്നാര്‍, മറയൂര്‍, കോവില്‍കടവ് വഴി കാന്തല്ലൂരിലേക്കാണ് 35 സീറ്റുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ സര്‍വീസ്. രാവിലെ ഏഴിന് ആലുവയില്‍ നിന്ന് ആരംഭിച്ച് വടക്കന്‍ പറവൂരിലേക്ക് പോകുന്ന ബസ് അവിടെ നിന്നും കാന്തല്ലൂരിലേക്കുള്ള ഷെഡ്യൂള്‍ ആരംഭിക്കും. ആലുവ-തൃപ്പൂണിത്തുറ, ആലുവ-ഇന്‍ഫോപാര്‍ക്ക് റൂട്ടുകളിലാണ് 28 സീറ്റുള്ള മിനി ബസിന്റെ സര്‍വീസ്.
പെരുമ്പാവൂര്‍ ഡിപ്പോയ്ക്കായി അനുവദിച്ച രണ്ടു പുതിയ ബസുകളില്‍ ഒന്ന് ഫാസ്റ്റ് പാസഞ്ചറും ഒരെണ്ണം എസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റുമാണ്. പത്തനംതിട്ടയിലേക്കാണ് പാസ്റ്റ് പാസഞ്ചര്‍ ബസിന്റെ സര്‍വീസ്. എസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് കോട്ടയംവഴി തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തും. മൂവാറ്റുപുഴ ഡിപ്പോയ്ക്ക് ലഭിച്ച പാസ്റ്റ് പാസഞ്ചര്‍ ബസ് തേക്കടി റൂട്ടില്‍ വിന്യസിച്ചിരിക്കുന്നത്.