നഗരമധ്യത്തിൽ അമ്പമ്പോ...പെരുമ്പാമ്പ് വലയിലാക്കി വനം വകുപ്പ്
1596466
Friday, October 3, 2025 4:25 AM IST
കൊച്ചി: നഗരത്തിലെ മരത്തിൽ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. എറണാകുളത്തപ്പന് അമ്പലത്തിന് സമീപത്തുള്ള എസ്സിഎസ്ടി മെന്‍സ് ഹോസ്റ്റല്‍ കോമ്പൗണ്ടിലെ മരത്തിനു മുകളിലാണ് പെരുമ്പാമ്പിനെ കണ്ടത്. റോഡിലൂടെ നടന്നു പോയവരാണ് ബുധനാഴ്ച രാവിലെ ആദ്യം പാമ്പിനെ കണ്ടത്. ഇവര്‍ സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് വെളളം ചീറ്റിച്ച് പാമ്പിനെ നിലത്തിറക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും താഴെ വീണ് പരിക്കേൽക്കുമോയെന്ന ആശങ്കയിൽ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ, രാത്രി 7.30 ഓടെ പാമ്പ് മരത്തിന്റെ മറ്റൊരു ചില്ലയിലേക്ക് നീങ്ങവെ, തനിയെ നിലത്തേക്ക് വീണു.
ഇതോടെ വനംവകുപ്പ് ജീവനക്കാർ പിടികൂടുകയായിരുന്നു. പെരുമ്പാമ്പിനെ കോടനാട് വനമേഖലയില്‍ വിടുമെന്ന് അവർ അറിയിച്ചു. അതേസമയം പെരുമ്പാമ്പ് എങ്ങനെ ഇവിടെ എത്തി എന്നതില്‍ വ്യക്തത വന്നിട്ടില്ല.