വികസന സദസ്: ജില്ലാതല ഉദ്ഘാടനം നാളെ ഏലൂരില്‍
1596465
Friday, October 3, 2025 4:25 AM IST
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വികസന സദസിന് ജില്ലയില്‍ നാളെ തുടക്കമാകും.പാതാളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന വികസന സദസിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ചടങ്ങില്‍ ഏലൂര്‍ നഗരസഭാ ചെയര്മാന് എ.ഡി. സുജില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മുഖ്യാതിഥിയാകും.
തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും ഇതുവരെ കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കും. ഇതിനായി ഓപ്പണ്‍ ഫോറം, സംഗ്രഹ ചര്‍ച്ച എന്നിവ സംഘടിപ്പിക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കുകയാണ് ലക്ഷ്യം.
2020-25 കാലഘട്ടത്തില്‍ നഗരസഭ നടത്തിയ വികസന നേട്ടങ്ങള്‍ ചടങ്ങില്‍ അവതരിപ്പിക്കും. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കു വഹിച്ച ഹരിതകര്‍മസേന, കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.