കൊച്ചി ഫിഷറീസ് : ഹാര്‍ബറിലെ കൂലിത്തര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക്
1595975
Tuesday, September 30, 2025 7:45 AM IST
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ തൊഴിലാളികളും ബോട്ടുടമകളും തമ്മില്‍ തര്‍ക്കം വീണ്ടും രൂക്ഷമായി. ഹാര്‍ബറിലെ മീന്‍ ഇറക്ക് വിഭാഗം തൊഴിലാളികളുടെ കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ മീനുമായി എത്തിയ ബോട്ടിലെ മീന്‍ ഇറക്കാന്‍ സിപിഎല്‍യു സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ തയാറായില്ല. ഇതോടെ ബോട്ടിലെ മത്സ്യം മോശമാകുന്ന അവസ്ഥയാണ്.
ആഴ്ചകൾക്ക് മുൻപ് കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഹാര്‍ബര്‍ നിശ്ചലാവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഹാര്‍ബര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബോട്ടുടമകള്‍ കൂലിയുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ദേശങ്ങള്‍ വച്ചിരുന്നു. ഇതില്‍ ഒന്ന് ചര്‍ച്ച ചെയ്ത് കഴിഞ്ഞ മാസം 25 നുള്ളില്‍ കരാര്‍ ചെയ്യാമെന്ന് തൊഴിലാളി യൂണിയന് ഉറപ്പ് നല്‍കിയിരുന്നതായി ബോട്ടുടമകള്‍ പറയുന്നു. കരാറാകാതെ കൂലി നല്‍കാനാകില്ലെന്ന നിലപാടില്‍ ബോട്ടുടമകള്‍ ഉറച്ചു നിന്നു.എന്നാല്‍ കഴിഞ്ഞ 45 ദിവസമായി പണിയെടുത്ത കൂലി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇനി മുതല്‍ കൂലി നല്കുന്ന ബോട്ടുകളില്‍ മാത്രമേ പണിയെുക്കൂവെന്ന നിലപാടില്‍ തൊഴിലാളികളും എത്തി.
ഇന്നലെ എത്തിയ ബോട്ടുകളില്‍ കൂലി നല്കിയ ബോട്ടുകളിലെ മീന്‍ തൊഴിലാളികള്‍ ഇറക്കി. എന്നാല്‍ നല്‍കാത്ത ബോട്ടുകളിലെ മീന്‍ ഇറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പിടിക്കുന്ന മത്സ്യത്തിന്റെ മൊത്തം വിലയുടെ രണ്ട് ശതമാനമാണ് പേഴ്സിന് നെറ്റ് മീന്‍ ഇറക്ക് വിഭാഗം തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പ്രവര്‍ത്തന ചെലവ് കഴിച്ചുള്ള തുകയുടെ ശതമാനമേ നല്കാന് കഴിയൂവെന്ന നിലപാടിലാണ് ബോട്ടുടമകള്‍.