റോ-റോ ജെട്ടിക്കടുത്തെ പാർക്കിംഗ് കേന്ദ്രം തുറക്കുന്നില്ല : ഫോർട്ടുവൈപ്പിനിൽ ഗതാഗതക്കുരുക്ക് പതിവ്
1596439
Friday, October 3, 2025 3:38 AM IST
വൈപ്പിൻ : റോ-റോ ജങ്കാറിൽ കയറാനായി എത്തുന്ന വാഹനങ്ങൾക്ക് വൈപ്പിൻ ജെട്ടിയിൽ പാർക്കിംഗിന് സ്ഥലം ഉണ്ടായിട്ടും അത് തുറന്നു കൊടുക്കാൻ കൊച്ചിൻ കോർപറേഷൻ തയാറാകാത്തതിൽ സ്ഥലവാസികളിൽ അമർഷം. ജങ്കാറിൽ കയറാനായി എത്തുന്ന വാഹനങ്ങൾ റോഡിൽ നീണ്ട നിര സൃഷ്ടിക്കുന്നത് പലപ്പോഴും ഇവിടെ ഗതാഗത തടസം ഉണ്ടാക്കുന്നു. ഇതാണ് പ്രാദേശിവാസികളിലെ കലിപ്പിനു കാരണം.
ഇങ്ങിനെ റോഡ് ബ്ലോക്ക് ആയിക്കഴിഞ്ഞാൽ സ്വകാര്യ ബസുകൾ വൈപ്പിൻ സ്റ്റാൻഡിലേക്ക് വരാൻ കൂട്ടാക്കില്ല. മാത്രമല്ല ഈ പ്രദേശത്തുകാർക്ക് വാഹനങ്ങളുമായി പുറത്തേക്ക് ഇറങ്ങാനും വയ്യാത്ത അവസ്ഥയാകും. ഇന്നലെ ഉച്ചഭക്ഷണ സമയത്തുള്ള ഇടവേളയിൽ വൈപ്പിൻ ജങ്കാർ ജെട്ടിയിൽ നിന്ന് കാളമുക്ക് ഭാഗത്തേക്ക് വാഹനങ്ങളുടെ വൻനിര പ്രത്യക്ഷപ്പെട്ടതോടെ ഈ ഭാഗത്ത് ഏറെനേരം ഗതാഗത തടസം ഉണ്ടായി.
വൈപ്പിൻ ബസ് സ്റ്റാൻഡിനോട് ചേർന്ന കോർപറേഷന്റെ അധീനതയിൽപ്പെട്ട സ്ഥലത്ത് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. എന്നാൽ ഹൈക്കോടതി പറഞ്ഞിട്ട് പോലും കോർപറേഷൻ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെആരോപണം. ഈ സാഹചര്യത്തിൽ കോർപറേഷൻ അടിയന്തരമായി വൈപ്പിൻ ജെട്ടിയിലെ പാർക്കിംഗ് കേന്ദ്രം തുറന്നുകൊടുക്കണമെന്ന് സിപിഎം ഫോർട്ട് വൈപ്പിൻ ബ്രാഞ്ച് സെക്രട്ടറി ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.