വള്ളത്തിനു നേരെ ചരക്ക് കപ്പൽ : വന്‍ ദുരന്തം ഒഴിവായി
1596461
Friday, October 3, 2025 4:25 AM IST
ഫോര്‍ട്ടുകൊച്ചി: മത്സ്യബന്ധന വള്ളത്തിന് നേരെ ചരക്ക് കപ്പലെത്തിയെങ്കിലും കൂട്ടിയിടിക്കാത്തതിനാൽ വൻ ദുരന്തംഒഴിവായി. വള്ളത്തിൽ 45 തൊഴിലാളികൾ ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിന് പുത്തന്‍വീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിനു നേരെയാണ് എംഎസ്സി സില്‍വര്‍ 2 എന്ന കപ്പല്‍ എത്തിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ കൊച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി 9.54 നോര്‍ത്തില്‍ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കല്‍ മൈൽ ദൂരെ) വല കോരി നില്ക്കുന്ന സമയത്താണ് കപ്പല്‍ വള്ളത്തിനടുത്തേക്ക് എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഹോണ്‍ മുഴക്കിയും വയര്‍ലെസിലൂടെ സന്ദേശം നല്‍കിയും അപകടമുന്നറിയിപ്പ് കൈമാറിയെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ അത് ചെവിക്കൊണ്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. മറ്റു വള്ളങ്ങള്‍ കൂടി വന്ന് ഹോണ്‍ മുഴക്കുകയും തൊഴിലാളികള്‍ ഒച്ചവയ്ക്കുകയും ചെയ്തു. ഈ സമയം ചില മത്സ്യത്തൊഴിലാളികള്‍ പ്രാണരക്ഷാര്‍ഥം വെള്ളത്തിലേക്ക് ചാടി.
മത്സ്യത്തൊഴിലാളികളുടെ ബഹളം കേട്ടാണ് കപ്പല്‍ നിര്‍ത്തിയത്. ഇതിനിടെ വള്ളത്തിന്റെ പിന്‍ഭാഗത്ത് കപ്പല്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍ പിന്നിലേക്ക് എടുത്താണ് യാത്ര തുടര്‍ന്നത്.
വള്ളത്തിന്റെ അമരത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു. സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പേരുദോഷവുമായി എംഎസ്സി
മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിനിടെയാണ് ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ അപകട ഭീഷണിയായത്.
എല്‍സ ത്രീ മുങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിനുണ്ടായ നഷ്ടങ്ങള്‍ക്ക് പരാഹാരം ആവശ്യപ്പെട്ട് കോടതിയില്‍ നടപടികള്‍ പുരോഗമിക്കവെയാണ് വീണ്ടും മറ്റൊരു സംഭവം. ക്യാപ്റ്റന്‍ മദ്യപിച്ചിരുന്നു എന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
സമീപത്തുണ്ടായിരുന്ന ബോട്ടുകള്‍ ഹോണ്‍ മുഴക്കുകയും ഒച്ച ഉണ്ടാക്കുകയും ചെയ്തെങ്കിലും ക്യാപ്റ്റന്‍ കപ്പലിന്റെ ഗതിതിരിച്ചു വിടാനോ അപകടം സംഭവിക്കുന്നതിന് മുന്‍പ് തന്നെ നിര്‍ത്താനോ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ട്രാഫിക് കൂടിയതും അപകടകാരണം
വിഴിഞ്ഞം പോര്‍ട്ട് വന്നതോടെ കേരള തീരത്ത് കപ്പല്‍ ചാലുകളിലൂടെയുള്ള സഞ്ചാരം കൂടിയത് തുടർച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളുടെ ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2012ല്‍ എന്റിക്കാലെക്സി വെടിവയ്പ് സംഭവത്തിന് ശേഷം എട്ട് കപ്പലപകടങ്ങളാണ് കേരളാ തീരത്ത് ഉണ്ടായത്. ഇതിൽ ആകെ 15 തൊഴിലാളികള്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.
ട്രാഫിക് വര്‍ധിച്ചതോടെ നിയമങ്ങളെല്ലാം ലംഘിച്ചാണ് ഭൂരിപക്ഷം കപ്പലുകളും യാത്ര ചെയ്യുന്നതെന്ന് മത്സ്യത്തൊഴിലാളി സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.
കപ്പല്‍ തടയേണ്ടി വരും: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്
കൊച്ചി: എംഎസി എല്‍സ 3 കപ്പല്‍ മത്സ്യബന്ധന മേഖലയില്‍ മുങ്ങിയതിന്റെ ദുരന്തഫലങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്നതിനിടെയാണ് അതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ അപകടഭീഷണിയായതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയില്, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റാസിക് എന്നിവര്‍ പറഞ്ഞു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും പോര്‍ട്ട് അധികാരികളും കോസ്റ്റല്‍ പോലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ പോര്‍ട്ടിലെത്തുന്ന കപ്പലുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തടയേണ്ടി വരുമെന്നും, പ്രത്യാശ വള്ളത്തിനുണ്ടായ നഷ്ടം കപ്പല്‍ കമ്പനി നല്‍കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം: ചാള്‍സ് ജോര്‍ജ്
കൊച്ചി: കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. കേരളതീരത്ത് കപ്പലിടിച്ചുള്ള അപകടങ്ങള്‍ കൂടി വരികയാണ്. പലപ്പോഴും ഇടിച്ച കപ്പലുകള്‍ നിര്‍ത്താതെ പോകുന്നു.
ഇതു സംബന്ധമായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്ഗനൈസേഷന് പെരുമാറ്റ ചട്ടം കപ്പലുകള്‍ പാലിക്കുന്നില്ല. ഇപ്പോള്‍ ഇടിച്ച എംഎസിയും പൂര്‍ണമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.
നിയമലംഘനം നടത്തിയ ക്യാപ്റ്റനെ അറസ്റ്റ് ചെയ്യണം. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും തൊഴിലിടത്തിനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.