വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ചു
1578374
Thursday, July 24, 2025 1:48 AM IST
നടത്തറ: റോഡ് വികസനത്തിന് 10 സെന്റ്് സ്ഥലം വിട്ടുനൽകിയിട്ടും വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ച് വയോധികയായ വീട്ടമ്മയോട് അധികൃതരു ടെ ക്രൂരത.
വലക്കാവ് ചാലംപാടം നിരപ്പിലാവുങ്കൽ സൂസമ്മ തോമസിനാണ് വീടിനുപുറത്തിറങ്ങാൻ പറ്റാത്തവിധം അധികൃതരുടെ ക്രൂരത. ചാലംപാടം - കൂട്ടാല ശ്രീധരിപാലം അപ്രോച്ച് റോഡിന്റെ നിർമാണത്തിന്റെ ഭാഗമായാണ് സൂസമ്മയുടെ വീടിന്റെ മുൻവശം ഒമ്പതടിക്കുമുകളിൽ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് അടച്ചുകെട്ടിയത്.
രണ്ടടിമാത്രമേ റോഡ് ഉയർത്തി നിർമിക്കുകയുള്ളു എന്ന ഉറപ്പിലാണ് വീട്ടുമുറ്റത്തിന്റെ മുക്കാൽഭാഗം ഉൾപ്പടെയുള്ള ഒമ്പതര സെന്റിലധികം ഭൂമി സർക്കാരിനു വിട്ടുനൽകിയത്. മൂന്നുവർഷം മുൻപ് ഭർത്താവ് തോമസും ഒന്പതുമാസം മുൻപ് മൂത്ത മകൻ ബെന്നിയും മരിച്ച സൂസമ്മയ്ക്ക് ഇപ്പോൾ വീടിനുപുറത്തേക്ക് ഇറങ്ങാൻപറ്റാത്തവിധം വീടിനുമുന്നിൽ വൻമതിൽ തീർത്ത് ക്രൂരത കാട്ടിയിരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ജില്ലാ കളക്ടർ, നടത്തറ പഞ്ചായത്ത് എന്നിവർക്കുപരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മക്കൾക്ക് എഴുതിക്കൊടുത്ത ഇരുവശത്തുമുള്ള ഭൂമി വിട്ടുതന്നാൽ റോഡ് നിർമിച്ചുനൽകാമെന്ന വിചിത്രവാദമാണ് പഞ്ചായത്ത് ഉന്നയിക്കുന്നത്. ഇത് ഒരിക്കലും പ്രാവർത്തികമായ കാര്യമല്ലെന്നും വെള്ളം കയറുന്ന ഭാഗത്ത് പാലം ഉയർത്തിനിർമിക്കാതെ അനാവശ്യമായിട്ടാണ് ഇവിടെ റോഡ് ഉയർത്തി നിർമിക്കുന്നതെന്നും വീട്ടുകാർ പറഞ്ഞു.