വിശ്വാസനിറവിൽ ബലിതർപ്പണം
1578598
Friday, July 25, 2025 1:08 AM IST
ഗുരുവായൂര്‍: ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് അതിരാവിലെ മുതൽ നീണ്ട വരിയായിരുന്നു. സൂര്യനാരായണന് ഇളയത് മുഖ്യകാര്‍മികനായി.
ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമവും ഭഗവത് സേവയും ഉണ്ടായി. തന്ത്രി പുലിയന്നൂര്‍ ജയന്തന് നമ്പൂതിരി നേതൃത്വംനല്കി. ബലിയിടാനെത്തിയവര്‍ക്ക് ദേവസ്വം പ്രഭാത ഭക്ഷണം നല്കി.
ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ ബലിയിടാനെത്തി. രാമകൃഷ്ണന് ഇളയത് മുഖ്യകാര്‍മികനായി. പെരുന്തട്ട ക്ഷേത്രത്തിലും ഭക്തർക്ക് ലഘുഭക്ഷണം നൽകി.
പഴയന്നൂർ: ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമസ്ഥാനമായ മായന്നൂർ കൂട്ടിൽമുക്കിൽ മൂലമണ്ണൂർ ശ്രീ ദുർഗാദേവി മഹാവിഷ്ണുക്ഷേത്രത്തിൽ ക്ഷേത്രക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടകവാവു ബലിതർപ്പണം നടത്തി. ചടങ്ങുകൾക്ക് കണ്ഠപ്പ ശർമ മുഖ്യകാർമികനായിരുന്നു. ക്ഷേത്രത്തിന്റെ വനമാലിതീർഥം തർപ്പണക്കടവിലാണ് ബലിതർപ്പണം നടത്തിയത്. ഭക്തജനങ്ങൾക്ക് ഇന്നുമുതൽ എല്ലാ ദിവസങ്ങളിലും ബലിസമർപ്പണം നടത്തുന്നതിന് ക്ഷേത്രത്തിൽ ആചാര്യൻ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രക്ഷേമസമിതി അറിയിച്ചു.
വടക്കേത്തറ ശ്രീനാരായണഗുരുദേവ ക്ഷേത്രം എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബലിതർപ്പണച്ചടങ്ങുകൾ ഭക്തിസാന്ദ്രമായി. ബലിതർപ്പണ ചടങ്ങുകൾ ചീരക്കുഴി ഗായത്രിപ്പുഴയോരത്ത് നടന്നു. വിനീത് ശാന്തി കാർമികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.