മനുഷ്യാവകാശ കമ്മീഷനു മുന്നിൽ കൈമലർത്തി അധികൃതർ
1578611
Friday, July 25, 2025 1:09 AM IST
തൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി, ഐപി രോഗികൾക്ക് അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, എംആർഐ സ്കാൻ ഫലങ്ങൾ ലഭിക്കാൻ രണ്ടുമാസം സമയമെടുക്കുന്നതിൽ മനുഷ്യാവകാശ കമ്മീഷനിൽ കൈമലർത്തി ആശുപത്രി അധികൃതർ. പരാധീനതകളുടെ വിശദറിപ്പോർട്ട് സമർപ്പിച്ചു കൈകഴുകാനാണ് ആശുപത്രി സൂപ്രണ്ടിന്റെ ശ്രമം. വകുപ്പുമേധാവിയുടെ മറുപടിസഹിതമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
മെഡിക്കൽ കോളജ് മുൻജീവനക്കാരനും ആശുപത്രി വികസന സൊസൈറ്റി മുൻ അംഗവുമായ കെ.എൻ. നാരായണൻ നൽകിയ പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. നാഷണൽ മെഡിക്കൽ മിഷന്റെ നിർദേശം നടപ്പാക്കാനാകാത്ത സാഹചര്യമാണെന്നും ആവശ്യമായ തസ്തികൾ ഒഴിഞ്ഞുകിടക്കുകയാണെന്നും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. റേഡിയോളജി വകുപ്പിൽ 10 തസ്തികയാണ് വേണ്ടത്.
രണ്ടുപേരാണുള്ളത്. സർക്കാർ അനുവദിച്ച നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പലരും കാസർഗോഡ് അടക്കമുള്ള മെഡിക്കൽ കോളജുകളിലേക്കു സ്ഥലംമാറിപ്പോയി. രണ്ടുപേർ ശൂന്യ വേതനാവധിക്ക് അപേക്ഷ കൊടുത്തു. പത്തുപേർ വേണ്ട സഥാനത്തു രണ്ടു ഡോക്ടർമാരാണുള്ളതെന്നും വിശദീകരണത്തിൽ പറയുന്നു.
നിലവിലെ സാഹചര്യവും കണക്കുകളും പറയുന്നുണ്ടെങ്കിലും നടപടിയെന്തെന്നു വിശദീകരണത്തിൽ പറയുന്നില്ല. തങ്ങൾക്കു തനിച്ചു കൂടുതലായെന്നും ചെയ്യാനാകില്ലെന്നാണ് ആശുപത്രി അധികൃതർ കമ്മീഷനെ അറിയിച്ചത്.