ഠാണാ - ചന്തക്കുന്ന് വികസനം: വ്യാപാരികളുടെ പ്രതിഷേധധര്‍ണ ഇന്ന്
1578614
Friday, July 25, 2025 1:09 AM IST
ഇരിങ്ങാലക്കുട: പ്രദേശവാസികളുടെ സ്വപ്നപദ്ധതിയായ ഠാണാ - ചന്തക്കുന്ന് വികസനം പണിതുടങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തത്തില്‍ പ്രതിഷേധിച്ച് ഇന്നു ധര്‍ണ നടത്തും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഠാണാ ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനംചെയ്യും.
സൂചനാസമരം മാത്രമാണ് ഇന്നു നടക്കുന്നതെന്നും അനുകൂലനടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പത്രസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റുകള്‍, ടെലിഫോണ്‍ പോസ്റ്റുകള്‍ എന്നിവ ഇതുവരെയും നീക്കംചെയ്തിട്ടില്ല. രണ്ട് കലുങ്കുകള്‍ മാറ്റിപ്പണിയാനുണ്ട്.
ഉദ്ഘാടനശേഷം ഒരുവര്‍ഷത്തിനുള്ളില്‍ കുറേ ചെറിയ കടകള്‍ അടച്ചുപൂട്ടി. തുറന്നിരിക്കുന്ന സ്ഥാപനങ്ങളിലെ വ്യാപാരം 50 ശതമാനത്തില്താഴെയായി കുറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടാന്‍ തയാറായിക്കൊണ്ടിരിക്കുന്നു.
ഇനി യഥാര്ഥപണികള് തുടങ്ങിയാല്‍ ഈ പ്രദേശത്തെ വ്യാപാരികളുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാകും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെയും മന്ത്രിയില്‍നിന്ന് മറുപടിയോ ആശ്വാസവാക്കോ ഉണ്ടായിട്ടില്ലെന്നും വ്യാപാരിനേതാക്കള്‍ പറഞ്ഞു.
മറുപടി പറയേണ്ടതു നഗരസഭാ അധികൃതര്‍: മന്ത്രി ബിന്ദു
ഇരിങ്ങാലക്കുട: സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ പൊളിച്ചുനീക്കല്‍ പൂര്‍ത്തീകരിച്ചുതരാന്‍ സാധിക്കാത്ത നഗരസഭാ അധികൃതരാണ് നിര്‍മാണത്തില്‍ കാലതാമസം വന്നിട്ടുണ്ടെങ്കില്‍ മറുപടി പറയേണ്ടത്.
സ്വകാര്യവ്യക്തികളുടെയും സര്‍ക്കാരിന്റെയും ആരാധാനാലയങ്ങളുടെയും അടക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി റോഡിന് വഴിയൊരുക്കാന്‍ കഴിഞ്ഞുവെങ്കിലും ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനംമാത്രമാണ് നഗരസഭയുടെ കൈവശമുള്ള രണ്ടു കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയത്. ഇതിനുവേണ്ടിവന്ന കാലതാമസമാണ് പ്രധാനമായും പദ്ധതി വൈകിച്ചത്. പദ്ധതിപ്രദേശത്തെ നിര്‍മിതികള്‍ പൂര്‍ണമായും പൊളിച്ചുനീക്കിയതിനുശേഷംമാത്രമേ ആവശ്യമായ തുകയ്ക്കുവേണ്ടി എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിക്കാനാകു.
ഉത്സവങ്ങള്‍ പൂര്‍ത്തിയായശേഷവും പ്രവൃത്തി തുടരാന്‍ നഗരസഭയുടെ കൃത്യതയില്ലായ്മമൂലം സാധിക്കാതെവന്നു.
പുത്തന്‍തോട്, കരുവന്നൂര്‍ ഭാഗത്തെ പ്രവൃത്തി എടുക്കുന്നതിനുമുമ്പായി ഠാണാ- ചന്തക്കുന്ന് ഭാഗം പണിക്കായി എടുക്കാമായിരുന്നതും നഗരസഭയുടെ വീഴ്ചയാല്‍ കഴിഞ്ഞില്ല.