കണ്ണാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്കുപരിക്ക്
1578097
Wednesday, July 23, 2025 1:29 AM IST
കണ്ണാറ: ഒരപ്പൻപാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. പട്ടിക്കാട് സ്വദേശി അജയ്, ഓട്ടോ ഡ്രൈവർ പീച്ചി തെക്കേക്കുളം സ്വദേശി അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയ് യുടെ പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പീച്ചി ഭാഗത്തുനിന്നും വരികയായിരുന്ന കാർ പട്ടിക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ പുറത്തെടുത്തത്.
പീച്ചി പോലീസും തൃശൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.