വാഴക്കോട് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്ക്
1578099
Wednesday, July 23, 2025 1:29 AM IST
പഴയന്നൂർ: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിൽ ഉദുവടിയിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഡ്രൈവർമാരുൾപ്പടെ മുപ്പതു പേർക്കു പരിക്ക്.
ചൊവ്വാഴ്ച വൈകീട്ട് 6.45-ന് ഉദുവടി ചിറങ്കോണം ഇറക്കത്തിലാണ് അപകടം. തൃശൂരിൽനിന്നു മണ്ണാർക്കാട്ടേക്കു പോവുകയായിരുന്ന കെ എസ്ആർടിസി ബസും തിരുവില്വാമലയിൽനിന്നു തൃശൂരിലേക്കു പോവുകയായിരുന്ന അരുവേലിക്കൽ എന്ന സ്വകാര്യബസുമാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കോലഴി ആലുക്കവീട്ടിൽ പോ ളി (57), മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡിൽ രാജൻ (56), തമിഴ്നാട് ഉശിരാംപെട്ടി സ്വദേശി ശങ്കരൻ (63), കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലെ മെക്കാനിക്ക് ചേലക്കര വെങ്ങനെല്ലൂർ സ്വദേശി നോബിൾ (42), കെഎസ്ആർടിസി ബസ് ഡ്രൈവർ മുണ്ടൂർ സ്വദേശി കൃഷ്ണകുമാർ എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഗുരുതരമായി പരിക്കേറ്റ ഡ്രൈ വർ കൃഷ്ണകുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.