പന്നിഫാമിലെ മാലിന്യത്തിൽനിന്ന് കൈനൂർ ഗ്രാമത്തെ രക്ഷിച്ച വിഎസ്
1578090
Wednesday, July 23, 2025 1:29 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പന്നിവളർത്തൽകേന്ദ്രത്തിലെ മാലിന്യത്തിൽനിന്നു കൈനൂർ ഗ്രാമത്തെയും കുരുടൻ ചിറ പ്രദേശത്തെയും രക്ഷിച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനവും നടപടികളുമാണ് നാട്ടുകാർക്കു രക്ഷയായത്.
പുത്തൂർ ഗ്രാമപഞ്ചായത്തിലെ കൈനൂർ അയ്യമ്പിള്ളിക്കുന്നിനു മുകളിലായിരുന്നു കെഎൽഡി ബോർഡിന്റെ സർക്കാർവക പന്നിവളർത്തൽ കേന്ദ്രം. ഇവിടെനിന്നുള്ള മാലിന്യം കൈനൂരിലെയും കുരുടൻചിറയിലെയും നൂറുകണക്കിനു വീടുകൾക്കു ദുരിതമായിരുന്നു. മാലിന്യപ്രശ്നത്തിനു ശാശ്വതപരിഹാരംതേടി വനിതാസംഘങ്ങളുടെ നേതൃത്വത്തിലും പൗരസമിതിയുടെ നേതൃത്വത്തിലും നടത്തിയ അഞ്ചു വർഷക്കാലം നീണ്ട സമരത്തിനും പ്രശ്നപരിഹാരത്തിനും പ്രതിപക്ഷനേതാവെന്ന നിലയിലും പിന്നീടു മുഖ്യമന്ത്രി എന്ന നിലയിലും വി.എസ്. അച്യുതാനന്ദൻ ആത്മാർഥമായി സഹകരിച്ചിരുന്നു.
കൈനൂർ സമരം ആരംഭിക്കുമ്പോൾ വിഎസ് പ്രതിപക്ഷനേതാവായിരുന്നു. പ്രശ്നപരിഹാരത്തിനായി അദ്ദേഹം അന്നേ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും കത്തുനൽകി. ഡോ. സുകുമാർ അഴീക്കോട് നിരാഹാരം പ്രഖ്യാപിച്ച വേളയിൽ കൈനൂർപ്രശ്നത്തെക്കുറിച്ച് ഒരു ലേഖനവും അച്യുതാനന്ദൻ പ്രമുഖപത്രത്തിൽ പ്രസിദ്ധീകരിച്ചു.
പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ എംഎൽഎ കൈനൂർപ്രശ്നം സംബന്ധിച്ചു സബ്മിഷൻ ഉന്നയിച്ചപ്പോൾ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനായിട്ടില്ലെന്ന വകുപ്പുമന്ത്രിയുടെ മറുപടിയെ വെട്ടി വിഎസ് എഴുന്നേറ്റ് പ്രസ്താവന നടത്തി. ''അത്യന്തം പ്രാധാന്യമർഹിക്കുന്ന ഒരു പ്രശ്നമാണിത്. മേധ പട്കറും ഡോ. സുകുമാർ അഴീക്കോടും ഇടപെട്ട ഈ പ്രശ്നത്തെ ഞാനും സപ്പോർട്ട് ചെയ്തിരുന്നു. വിവാദപരമായ പ്രശനത്തിലേക്ക് ഇതിനെ എത്തിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സഭയുടെയും വികാരം മനസിലാക്കി ജനങ്ങൾക്കു ക്ലേശമുണ്ടാക്കാതെ എത്രയും പെട്ടെന്ന് കേന്ദ്രം മാറ്റിസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.''
ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിൽ സാങ്കേതികമായ നടപടിയും മറുപടിയുമല്ല വേണ്ടതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. കെഎൽഡി ബോർഡിന്റെയും പന്നിപ്രജനനകേന്ദ്രത്തിന്റെയും അധികൃതർ പല തന്ത്രങ്ങൾ മെനഞ്ഞു പന്നിഫാം മാറ്റുന്നതു വൈകിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ അതിനെയെല്ലാം മറികടന്ന് പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഒരു നിശ്ചിതതീയതിക്കുള്ളിൽ ഫാം മാറ്റുമെന്ന് ഉത്തരവിറക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. തീരുമാനം യാഥാർഥ്യമാകുന്നതുവരെ അദ്ദേഹം ജാഗ്രതപാലിക്കുകയും ചെയ്തു.
അന്നത്തെ സമരസഹായസമിതിയുടെ കൺവീനറായിരുന്ന സർവോദയമണ്ഡലം ഭാരവാഹി എം. പീതാംബരൻ കൈനൂര് സമരത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ പ്രശ്നത്തിൽ വിഎസ് നടത്തിയ ശ്രമങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്.