ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി: സംരക്ഷണസമിതി രൂപവത്കരിച്ചു
1578102
Wednesday, July 23, 2025 1:30 AM IST
ഇരിങ്ങാലക്കുട: പൂട്ടല്ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിനെ കൈപിടിച്ചുയര്‍ത്താന്‍ നാട്ടുകാര്‍ രംഗത്ത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്ന സെന്ററാണിത്. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ അധികംവൈകാതെ സെന്ററിന് പൂട്ടുവിഴുമെന്നുള്ള ആശങ്ക കാരണമാണ് സംരക്ഷണസമിതി രൂപവത്കരിച്ചിരിക്കുന്നത്. യോഗം തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്തു.
കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷനായി. നേരത്തെ 29 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഇരിങ്ങാലക്കുടയില്‍നിന്ന് ഇപ്പോള്‍ 16 സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. വലിയ വിജയമായ ബജറ്റ് ടൂറിസവും ജീവനക്കാരില്ലാത്തതിനാല്‍ ഒഴിവാക്കി. ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ഒഴിവുനികത്തുന്നതിന് പുറമെ അക്കൗണ്ട്സ് സെക്ഷനില്‍ കുറവുള്ള ക്ലാര്‍ക്കുമാരെ നിയമിക്കുകയുംവേണം. എന്നാല്അതിനാവശ്യമായ നടപടിയും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി സംരക്ഷണസമിതി ഭാരവാഹികളായി തോമസ് ഉണ്ണിയാടന് - മുഖ്യ രക്ഷാധികാരി, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, ടി. അപ്പുക്കുട്ടന്‍നായര്‍ - രക്ഷാധികാരികള്‍, രാജീവ് മുല്ലപ്പിള്ളി -ചെയര്മാന്, എം.കെ. സേതുമാധവന്- ജന. കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു. വിപുലമായ യോഗം 28ന് നാലിന് ചേരുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.